കൊച്ചി: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് ചോര്‍ന്നിട്ടില്ലെന്ന ഭരണ പക്ഷത്തിന്റെ വാദം സാക്ഷാല്‍ പിണറായിപോലും അംഗീകരിക്കുന്നില്ലെ?
മാര്‍ച്ച് 6ാം തീയതിയിലെ മലയാള മനോരമ പത്രത്തിലെ ഒന്നാം പേജിലെ ഫോട്ടോയും അതിലെ അടിക്കുറിപ്പും കണ്ടാല്‍ വായനക്കാര്‍ക്കത് ഒരു തമാശയായി കാണാന്‍ സാധിക്കുകയില്ല.
എറണാകുളം മഹാരാജാസ് കോളേജില്‍ പൂര്‍വ വിദ്യാര്‍ത്ഥികളെ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള പുസ്തകം മറിച്ചുനോക്കിക്കൊണ്ടിരിക്കുന്ന മമ്മൂട്ടിയോട് അതിനെക്കുറിച്ച് പിണറായി അന്വേഷിച്ചപ്പോള്‍,
ഇനി പ്രകാശനം ചെയ്യാനുള്ള പുസ്തകമെന്നായിരുന്നു മറുപടി. ‘ഇതും ബജറ്റ് പോലെ പ്രകാശനത്തിനുമുന്‍പു പുറത്തായോ’ എന്ന മുഖ്യമന്ത്രിയുടെ മറുപടി കേട്ടാണു നടന്റെ പൊട്ടിച്ചിരിയെന്നാണ് മനോരമ പറയുന്നത്.
വേദിയുടെ മറ്റേയറ്റത്ത് ധനമന്ത്രി തോമസ് ഐസക് ഇരിക്കെയായിരുന്നു മുഖ്യമന്ത്രിയുടെ തമാശ. മറ്റൊരു പുസ്തകമാണു ചടങ്ങില്‍ പ്രകാശനം ചെയ്യണ്ടതെന്ന് ഇരുവരും പിന്നീടാണ് അറിഞ്ഞതത്രെ. എംഎല്‍എമാരായ ഹൈബി ഈഡന്‍, പി.ടി തോമസ്, എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇവരും ദൃശ്യത്തില്‍ പൊട്ടിച്ചിരിയുടെ ഭാഗമാകുന്നുണ്ട്.
തമാശയൊന്നും അധികം പറയാത്ത പ്രകൃതക്കാരനായ പിണറായി മനോരമ പറയുന്നതുപോലെ ‘ഇതും ബജറ്റ് പോലെ പ്രകാശനത്തിനുമുന്‍പു പുറത്തായതാണോ’ എന്ന് ചോദിച്ചിട്ടുണ്ടെങ്കില്‍ പിണറായിപോലും ബജറ്റ് ചോര്‍ന്നതായി അംഗീകരിക്കുന്നുവെന്ന് കരുതാമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍പോലും അഭിപ്രായപ്പെടുന്നത്.
സാമ്പത്തിക വിദഗ്ദനായ ധനമന്ത്രി തോമസ് ഐസക് ഉള്ളപ്പോള്‍ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥിനെ കൊണ്ടുവന്നത് നേരത്തെ ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.