തിരുവനന്തപുരം: അഴിമതിക്കെതിരേ നീക്കം നടത്തുന്നവര്‍ ഒരുതരത്തിലും ആശങ്കപ്പെടേണ്ടതില്ല, അവര്‍ക്കൊപ്പം സര്‍ക്കാരുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അഴിമതി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അന്വേഷണങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നത് ആരോപണ വിധേയരെ ക്രൂശിക്കാനെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പരാതി ലഭിച്ചാല്‍ സംശുദ്ധിയുള്ള ഉദ്യോഗസ്ഥര്‍ക്കും അന്വേഷണം നേരിടേണ്ടിവരും. ഇത് സാധാരണ നടപടിക്രമം മാത്രമാണ്. എന്നാല്‍ അന്വേഷണം ആരംഭിക്കുമ്പോള്‍തന്നെ അതിന് അമിത പ്രാധാന്യം നല്‍കുന്നതു നല്ലതല്ല. ഇത് ആരോപണവിധേയരെ ക്രൂശിക്കുന്നതിനു തുല്യമാണ്.
വലിയ അഴിമതിക്കഥകള്‍ മൂടിവയ്ക്കപ്പെടുന്നു. ഇതിനെതിരേ കടുത്ത നടപടി ആവശ്യമാണ്. അഴിമതി ഇല്ലാത്ത ഭരണ നിര്‍വഹണത്തിലൂടെ മാത്രമേ സുസ്ഥിരവികനം നടപ്പാക്കാന്‍ കഴിയൂ.
അഴിമതിക്കെതിരായ നടപടികള്‍ ശക്തമാക്കും. അഴിമതി വിരുദ്ധ പ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരം നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
അഴിമതിക്ക് അവസരം നല്‍കാത്ത ഇടപെടലാണ് വിജിലന്‍സ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സദ്ഭരണം എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഉറപ്പാക്കും.
സീറോ ടോളറന്‍സ് ടു കറപ്ഷന്‍ എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ജനങ്ങളുടെ സ്വൈര്യ ജീവിതവും സര്‍ക്കാരിന്റെ സദ്ഭരണവും വിജിലന്‍സ് ഉറപ്പുവരുത്തണം.
വിദ്യാര്‍ത്ഥി പ്രവേശനത്തിന് തലവരിപ്പണം വാങ്ങുന്നതിനെതിരെ എജ്യുവിജില്‍ നടപ്പാക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
അധ്യാപക നിയമനത്തിനു മാത്രമല്ല, വിദ്യാര്‍ത്ഥി പ്രവേശനത്തിനും കോഴ വാങ്ങുന്നുണ്ട്. ഇതൊരു പുതിയ പ്രവണതയാണ് നമ്മുടെ നാട്ടില്‍. ഇത് അവസാനിപ്പിക്കുന്നതിനാണ് എജ്യുവിജില്‍ പദ്ധതി നടപ്പാക്കുന്നത്.
ഗുഡ് ഗവേണന്‍സ് ഓഡിറ്റ് മുന്നോട്ട് കൊണ്ടുപോകും. വിജിലന്‍സിനും ഇക്കാര്യത്തില്‍ ഏറെ കാര്യങ്ങള്‍ ചെയ്യാനാകും. അഴിമതി വിരുദ്ധ ബോധവത്കരണം നടത്തും. നവമാധ്യമങ്ങളിലൂടെയും മറ്റും അഴിമതി വിരുദ്ധ ബോധവത്കരണം വ്യാപകമായി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് ആറുമാസം കൊണ്ട് അഴിമതി കുറയ്ക്കാനായെന്നു ചടങ്ങില്‍ പങ്കെടുത്ത വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അവകാശപ്പെട്ടു.