കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ കോഴിക്കോട് കോടതി വളപ്പിലേക്ക് കയറ്റാതെ തടഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഇന്നു വൈകുന്നേരത്തിനകം ഇന്നുണ്ടായ സംഭവവികാസങ്ങളെ കുറിച്ച് മുഴുവന്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.
റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് സര്‍ക്കാര്‍ അതിന്‍മേല്‍ നടപടി സ്വീകരിക്കും. കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകും. സംഭവങ്ങളെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണ്. അവിടെ മാധ്യമങ്ങളെ വിലക്കാനാകില്ല. എന്തിന്റെ പേരിലായാലും മാധ്യമങ്ങളുടെ സ്വാതന്ത്ര്യം തടയാനാകില്ല. അതല്ലെങ്കില്‍ അവിടെ അങ്ങനെയൊരു വിലക്കോ നിരോധനമോ ഉണ്ടായിരിക്കണം.
അങ്ങനെ ഇല്ലാത്തിടത്തോളം മാധ്യമപ്രവര്‍ത്തകരുടെ സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ ആര്‍ക്കും അവകാശമില്ല.
മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അവസരം ഉണ്ടാകണം. അതില്‍ തടസ്സം സൃഷ്ടിക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അഭിഭാഷകരുമായുള്ള പ്രശ്‌നം ഏറെക്കുറെ അയഞ്ഞു വരുമ്പോഴാണ് ഇന്ന് ഇത്തരത്തിലൊരു സംഭവം ഉണ്ടായത്.
ഇതില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നത് പൊലീസാണ്. ഈ സാഹചര്യത്തെ സര്‍ക്കാര്‍ അതീവ ഗൗവമായാണ് കാണുന്നത്. പൊലീസ് എന്തിന് മാധ്യമങ്ങളെ വഴി തടഞ്ഞു എന്നു സര്‍ക്കാര്‍ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.