തട്ടിപ്പ് ന്യായീകരിക്കാന്‍ നാണമില്ലേ കോണ്‍ഗ്രസേ, ഷംസുദ്ദീനെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ നിയമസഭയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫാഷന്‍ ഗോള്‍ഡ് സംഘടിത കുറ്റകൃത്യമായിരുന്നില്ലെന്ന എന്‍. ഷംസുദ്ദീന്‍ എംഎല്‍എയുടെ പ്രതികരണമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പിനെ അംഗം ന്യായീകരിക്കുകയാണെന്നും ഇത്രയും വലിയ തട്ടിപ്പ് നടത്തിയിട്ടും എങ്ങനെയാണ് ന്യായീകരിക്കാനാവുക എന്നും മുഖ്യമന്ത്രി ചോദിച്ചു. ജനങ്ങളെ വഞ്ചിച്ചിട്ട് ബിസിനസ് തകര്‍ന്നാണെന്നാണ് ന്യായം. ഇത്തരം പ്രവൃത്തികളില്‍ നാണമുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

നേരത്തെ, പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്റെ പക്കലുള്ള ശബരിമല ചെമ്പോല വ്യാജമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി സ്ഥിരീകരിച്ചിരുന്നു. ചെമ്പോല യഥാര്‍ഥമെന്ന് സര്‍ക്കാര്‍ ഒരു കാലവും അവകാശപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മോന്‍സന്‍ മാവുങ്കലിന്റെ കൈവശമുള്ള ശബരിമല ചെമ്പോലയെപ്പറ്റി പ്രതിപക്ഷനേതാവാണ് ചോദ്യം ഉയര്‍ത്തിയത്. ഡിജിപിയും എഡിജിപിയും തട്ടിപ്പുകാരന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ സംശയം തോന്നിയിരുന്നുവെന്നും ഇതേതുടര്‍ന്നാണ് ഇന്റലിജന്‍സിനോടും അന്വേഷണം ആവശ്യപ്പെട്ട് പറഞ്ഞതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top