ന്യൂഡല്‍ഹി: വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ കേരളാ മുഖ്യമന്ത്രി പിണറായി വിജയനും, ഗോവയുടെ മുഖ്യമന്ത്രി മനോഹര്‍ പരീക്കറും ഭരണകാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് അവിടെ ഇരുന്നാണ്.
സംസ്ഥാനത്ത് മന്ത്രിസഭാ യോഗങ്ങളില്‍ അദ്ധ്യക്ഷത വഹിക്കാനുള്ള അധികാരം മാത്രം ഇ.പി.ജയരാജന് നല്‍കി ഇ – ഫയലിംഗ് വഴിയാണ് മുഖ്യമന്ത്രി കേരളത്തിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
എന്നാല്‍, ഇതിനെതിരെ ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കച്ചമുറുക്കി രംഗത്തിറങ്ങിക്കഴിഞ്ഞു.
അതേസമയം, ചികിത്സാര്‍ത്ഥം അമേരിക്കയിലുള്ള മനോഹര്‍ പരീക്കര്‍ ഗോവയുടെ ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുന്നത് സംസ്ഥാനത്തിന് ഗുണകരമാണെന്നാണ് ബി.ജെ.പിയുടെ വാദം.
ഇരുരാജ്യങ്ങളിലെയും സമയത്തില്‍ ഉണ്ടാകുന്ന വ്യത്യാസമാണ് സംസ്ഥാനത്തിന് ഗുണകരമാകുന്നത്. പകല്‍ സമയങ്ങളില്‍ സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ മറ്റ് മന്ത്രിമാര്‍ നിയന്ത്രിക്കുമ്പോള്‍ രാത്രിയില്‍ മുഖ്യമന്ത്രി പരീക്കറും നിയന്ത്രിക്കും. ചുരുക്കി പറഞ്ഞാല്‍ 24 മണിക്കൂറും സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നും ബി.ജെ.പി വക്താവ് സിദ്ധാര്‍ത്ഥ് വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ അഭാവം സംസ്ഥാനത്തിന്റെ ഭരണകാര്യങ്ങളെ ബാധിക്കില്ലേ എന്ന ചോദ്യത്തോട് അദ്ദേഹത്തിന്റെ പ്രതികരണമായിരുന്നു ഇത്.