തിരുവനന്തപുരം: കേരളം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയെ കാണാന്‍ സമയമില്ലെന്ന നിലപാട് അവഹേളനപരമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.
നരേന്ദ്രമോഡിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും മന്ത്രിമാര്‍ക്കും കാണണമെങ്കില്‍ വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ ചെല്ലണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രം യജമാനനും സംസ്ഥാനങ്ങള്‍ ദാസ്യപ്രവിശ്യകളുമല്ലെന്ന് പിണറായി അഭിപ്രായപ്പെട്ടു. തന്റെ ഫേയ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി മോഡിക്കെതിരെ ആഞ്ഞടിച്ചത്.
ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തിനു നിരക്കുന്ന രീതിയിലാണ് കേന്ദ്രമായാലും പ്രധാനമന്ത്രിയായാലും പെരുമാറേണ്ടത്. മോഡിയുടെ അവഗണനയെ എതിര്‍ക്കാനുള്ള ആര്‍ജവം ഉമ്മന്‍ ചാണ്ടിക്കുണ്ടാകാത്തത് കേന്ദ്രത്തോടും ബിജെപിയോടുമുള്ള ദാസ്യമനോഭാവം മൂലമാണ്. സ്വീകരണത്തിനും ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങാനും ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കാനും സമയം കണ്ടെത്താനായ നരേന്ദ്ര മോഡിക്ക് കേരള മുഖ്യമന്ത്രിയേയും സംഘത്തെയും കാണാന്‍ സമയമില്ലെന്നത് അപമാനകരമാണെന്നും പിണറായി പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചു.
(പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ)
പ്രധാനമന്ത്രിയായ ശേഷം ആദ്യമായി കേരളം സന്ദര്‍ശിക്കുന്ന നരേന്ദ്രമോഡിയെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍ കാണണമെങ്കില്‍ വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ ചെല്ലണം എന്നത് അപമാനകരമാണ്.
14, 15 തീയതികളില്‍ കേരളം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിക്ക് കൊച്ചിയില്‍ സ്വീകരണം ഏറ്റുവാങ്ങാന്‍ സമയമുണ്ട്. ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങാനും ഹെലികോപ്റ്ററില്‍ പറന്നുചെന്ന് ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കാനും സമയമുണ്ട്. നാല്‍പത്തെട്ടു മണിക്കൂര്‍ കേരളത്തില്‍ തങ്ങുമെങ്കിലും താമസ സ്ഥലത്തോ പരിപാടികള്‍ക്കിടയിലോ കേരളത്തിന്റെ മുഖ്യമന്ത്രിയുമായും മറ്റു മന്ത്രിമാരുമായും സംസാരിക്കാന്‍ സമയം അനുവദിക്കാനാണ് പ്രയാസം. കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച മന്ത്രിസഭയോട് താന്‍ മടങ്ങിപ്പോവുമ്പോള്‍ വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ വന്ന് വേണമെങ്കില്‍ കാണാവുന്നതാണ് എന്നു പ്രധാനമന്ത്രി മറുപടി പറഞ്ഞു എന്നാണ് വാര്‍ത്ത.
ഈ അവഹേളനത്തോട് പ്രതികരിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് തോന്നാത്തത് അത്ഭുതകരമാണ്. കേന്ദ്രം യജമാനനും സംസ്ഥാനങ്ങള്‍ ദാസ്യപ്രവിശ്യകളുമല്ല. ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തിനു നിരക്കുന്ന രീതിയിലാണ് കേന്ദ്രമായാലും പ്രധാനമന്ത്രിയായാലും പെരുമാറേണ്ടത്.
മോഡിയുടെ അവഗണനയെ എതിര്‍ക്കാനുള്ള ആര്‍ജവംഉമ്മന്‍ ചാണ്ടിക്കുണ്ടാകാത്തത് കേന്ദ്രത്തോടും ബിജെപിയോടുമുള്ള ദാസ്യമനോഭാവം മൂലമാണ്.
പ്രധാനമന്ത്രിയെ ഡെല്‍ഹിയില്‍വെച്ചോ കേരളത്തില്‍വെച്ചോ കാര്യങ്ങള്‍ ധരിപ്പിക്കാനാവില്ല എന്നതാണ് സ്ഥിതി. കേരളത്തിലെ മന്ത്രിമാര്‍ പലതവണ ഡെല്‍ഹിക്ക് പറന്നു. പ്രധാന മന്ത്രിയെ കണ്ടു കേരളക്കാര്യം പറയാന്‍ മാത്രം കഴിഞ്ഞില്ല.
പൊതുബജറ്റും റെയില്‍വെ ബജറ്റും വരാന്‍ പോവുകയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്കകളുയരുന്നു. ഇറക്കുമതിനയം കൊണ്ട് റബ്ബര്‍, നാളികേര കര്‍ഷകര്‍ പൊറുതിമുട്ടുന്നു. ഗള്‍ഫ് പണം പ്രത്യുല്‍പാദനപരമായി ഉപയോഗിക്കാന്‍ പദ്ധതികളില്ല. കേരളത്തിന്റെ പൊതുകടം 1,59,523 കോടിയിലേക്ക് കുതിച്ചെത്തുകയും ഭീകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനം മൂക്കുകുത്തുകയും ചെയ്യുന്നു.
ഇത്തരം പ്രശ്‌നങ്ങള്‍ പ്രധാന മന്ത്രിയോട് പറയാനും കേന്ദ്ര ഗവര്‌മെന്റിന്റെ ശ്രദ്ധയില്‍ പെടുത്താനും അവസരം ലഭിക്കാത്തതില്‍ ഒരു തരത്തിലുമുള്ള പ്രതിഷേധം ഉമ്മന്‍ ചാണ്ടിക്ക് ഇല്ല എന്നാണോ ജനങ്ങള്‍ മനസ്സിലാക്കേണ്ടത്? ആത്മാഭിമാനത്തോടെ ശിരസ്സുയര്‍ത്തി നിന്നു കേരളത്തിന്റെ ആവശ്യങ്ങള്‍ ചോദിച്ചുവാങ്ങിക്കാന്‍ ഉമ്മന്‍ചാണ്ടി ഭയപ്പെടുന്നതെന്തിനാണ്?
വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ വന്നു തന്നെ കണ്ടുകൊള്ളാന്‍ പറയുന്ന പ്രധാനമന്ത്രിയോട് അര്‍ഹിക്കുന്ന ഭാഷയില്‍ സംസ്ഥാന ഭാരണാധികാരികള്‍ മറുപടി പറഞ്ഞിരുന്നെങ്കില്‍ മനോഭാവം മാറ്റാന്‍ മോഡി നിര്‍ബന്ധിക്കപ്പെടുമായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ നിസ്സംഗതയിലൂടെ സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യമാണ് അപകടപ്പെടുന്നത് .