തിരുവനന്തപുരം: മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ നല്‍കുന്നത് അപമാനകരമായ പ്രവര്‍ത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അബുദാബി കിരീടാവകാശിയും യു.എ.ഇ യുടെ സഹസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പേരില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവം ഇന്ത്യക്കാര്‍ക്കാകെ അപമാനമായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
(മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ…)
വ്യാജ വാര്‍ത്തകളുടെ പേരില്‍ മാദ്ധ്യമങ്ങള്‍ അടയാളപ്പെടുത്തപ്പെടുന്നത് ജനാധിപത്യ സമൂഹത്തിനു തീരാക്കളങ്കമാണ്. അബുദാബി കിരീടാവകാശിയും യു.എ.ഇ യുടെ സഹസര്‍വസൈന്യാധിപനുമായ ഷെയ്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പേരില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവം ഇന്ത്യക്കാര്‍ക്കാകെ അപമാനമായി മാറിയിരിക്കുന്നു.
ഒരു ഹിന്ദു സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത അബുദാബി കിരീടാവകാശി ‘ ജയ് ശ്രീറാം’ വിളിയോടെ പ്രസംഗം തുടങ്ങി എന്നാണു നമ്മുടെ രാജ്യത്തെ ചില പ്രമുഖ മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. അതിനെ സാധൂകരിക്കുന്ന വ്യാജ വീഡിയോകള്‍ വ്യാപകമായി പ്രചരിപ്പിച്ചു. ‘ചില സംഘടനകളുടെ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാണ്’ അത്തരം പ്രചാരണം എന്ന് യു.എ.ഇയിലെ പ്രമുഖ മാദ്ധ്യമമായ ഗള്‍ഫ് ന്യൂസ് വാര്‍ത്ത എഴുതേണ്ടിവന്നു.
വ്യാജ വാര്‍ത്തകള്‍ ഉല്‍പ്പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ സജീവമാണ്. കേന്ദ്രത്തില്‍ അധികാരം കയ്യാളുന്ന ബി.ജെ.പി യുടെ അഴിമതിയും വര്‍ഗീയ ഇടപെടലുകള്‍ മൂടിവെക്കുകയും വര്‍ഗീയ അജണ്ടയെ പരിപോഷിപ്പിക്കുന്ന വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് മാദ്ധ്യമ ധര്‍മ്മം എന്ന് വന്നിരിക്കുന്നു. ബി.ജെ.പി സര്‍ക്കാരിനും സംഘ പരിവാറിന്റെ വര്‍ഗീയ അജണ്ടകള്‍ക്കും എതിരായ വാര്‍ത്തകള്‍ക്ക് അദൃശ്യമായ സെന്‍സര്‍ഷിപ്പാണ് രാജ്യത്തു നിലനില്‍ക്കുന്നത്. പകരം നുണ ഉത്പാദിപ്പിച്ചു സംഘ പരിവാറിനെ പോഷിപ്പിക്കുന്ന മാദ്ധ്യമ സംസ്കാരമാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്. അതിന്റെ ഉദാഹരണമാണ് യു.എ.ഇ കിരീടാവകാശിയെ തെറ്റായി ചിത്രീകരിക്കുന്ന വ്യാജ വീഡിയോ. 2016 സെപ്തംബറിലെ ചടങ്ങുമായി ബന്ധപ്പെട്ടു തയാറാക്കിയ വ്യാജ വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ സന്ദര്‍ശിക്കുന്ന വേളയിലാണ് പ്രചരിപ്പിക്കപ്പെട്ടത്. അതിനു വലിയ പ്രചാരം നല്‍കിയപ്പോഴാണ് അധികൃതര്‍ക്കു വിശദീകരണവുമായി രംഗത്തെത്തേണ്ടി വന്നത്.
വ്യാജ വാര്‍ത്തയ്ക്കാധാരമായ പരിപാടിയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പങ്കെടുത്തത് പോലും ഇല്ല എന്നാണു യു.എ.ഇ അധികൃതര്‍ വിശദീകരിക്കുന്നത്. വീഡിയോയിലുള്ള വ്യക്തി മറ്റൊരാളാണ്. വ്യാജ വാര്‍ത്ത സൃഷ്ടിച്ച ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ക്കെതിരെ ശക്തമായ ആക്ഷേപവുമായി ഗള്‍ഫ് ന്യൂസ് ഉള്‍പ്പെടെയുള്ള യു.എ.ഇ യിലെ മാദ്ധ്യമങ്ങളും സമൂഹവും പ്രതികരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശന വേളയില്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാണെന്നാണ് ഗള്‍ഫ് ന്യൂസ് പറയുന്നത്.
ഇത് ഒറ്റപ്പെട്ട അനുഭവമല്ല. രാഷ്ട്രീയ മേലാളന്മാര്ക്കു അനുകൂലമായി വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നതും തെറ്റായ പ്രചാരണ ദൗത്യം ഏറ്റെടുക്കുന്നതും ഏകപക്ഷീയമായ സമീപനം രൂപപ്പെടുത്തുന്നതും ഇന്ത്യന്‍ കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങളുടെ അജണ്ടയായി മാറിയിട്ടുണ്ട്. അത്തരം രീതി, വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്കെതിരെ വികാരം സൃഷ്ടിക്കുന്ന തലത്തിലേക്ക് രൂക്ഷത പ്രാപിച്ചു എന്നതാണ് അബുദാബി അനുഭവം തെളിയിക്കുന്നത്. ഷെയ്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ തെറ്റായി ചിത്രീകരിക്കുന്ന വ്യാജ വീഡിയോ ഏതു അജണ്ടയുടെ ഭാഗമായാലും അപലപനീയമാണ്: തിരുത്തേണ്ടതാണ്. ഇത്തരം വിഷയങ്ങളില്‍ മാദ്ധ്യമ പ്രവര്‍ത്തകരില്‍ നിന്ന് തന്നെ പ്രതികരണം ഉണ്ടാകും എന്നാണു കരുതുന്നത്. ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ വ്യാജ പ്രചാരണം നടത്തുന്നു എന്ന് യു.എ.ഇ യില്‍ നിന്ന് വരുന്ന ആക്ഷേപം രാജ്യത്തിനു തന്നെ അപമാനകരമാണ്. മാദ്ധ്യമ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വ്യാജ വാര്‍ത്ത ചമയ്ക്കാനുള്ള സ്വാതന്ത്ര്യം വരുന്നില്ല. ഈ വിഷയം മാദ്ധ്യമ മേഖലയിലും പരിമിതമെങ്കിലും സ്വയം തീരുമാനമെടുക്കാന്‍ അവകാശമുള്ള മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കിടയിലും പൊതു സമൂഹത്തിലും തുറന്ന പരിശോധനയ്ക്കു വിധേയമാക്കേണ്ട വിഷയം ആണെന്ന് കരുതുന്നു.