pinarayi government-new decisions

തിരുവനന്തപുരം :എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി സമഗ്ര സമ്പൂര്‍ണ ഭവന നിര്‍മാണപദ്ധതി മന്ത്രിസഭ പ്രഖ്യാപിച്ചു.

എല്ലാ തരത്തിലും പെട്ടവര്‍ക്ക് വീട് വയ്ക്കാനും മറ്റും ഉള്ള സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി. ഇതിനായി മുഖ്യമന്ത്രി അധ്യക്ഷനായി പ്രത്യേക സമിതിയെയും രൂപീകരിച്ചു.

വീടില്ലാത്തവര്‍ക്ക് വീട് വയ്ക്കാന്‍ സാമ്പത്തിക സഹായം നല്‍കും. ഭൂമിയുള്ളവര്‍ക്ക് വീടുവയ്ക്കാനും പണം നല്‍കും. ഭൂമിയുണ്ടായിട്ടും വീടുപണി ആരംഭിച്ച് പൂര്‍ത്തിയാക്കാനാകാത്തവര്‍ക്കും സഹായം നല്‍കും.

ഭൂമിയും വീടും ഇല്ലാത്തവര്‍ അടക്കം നാലുവിഭാഗക്കാരാണ് ഉള്ളത്. ഇവര്‍ക്കെല്ലാം വീട് നല്‍കുന്നതിനു ഭൂമിയുടെ ലഭ്യത ഉറപ്പാക്കണം. ഭൂമിയും വീടും ഇല്ലാത്തവര്‍ക്ക് ഭൂമി നല്‍കുന്നതിനു പാര്‍പ്പിട സമുച്ചയ പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. അവിടെ തൊഴില്‍ പരിശീലനവും നല്‍കും.

പാര്‍പ്പിട സമുച്ചയത്തില്‍ എല്ലാവര്‍ക്കും വീട് നല്‍കും. ഈ വീട് അവര്‍ക്ക് സ്വന്തമായിരിക്കും. എന്നാല്‍ വീട് വില്‍ക്കാനോ വാടകയ്ക്ക് കൈമാറാനോ സാധിക്കില്ല.

20 വര്‍ഷം കൊണ്ട് വീട് സ്വന്തമാക്കുന്ന പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്. അതിനായി ചെറിയ തുക വീടിനായി ഇവര്‍ അടയ്ക്കണം. താങ്ങാവുന്ന തുകയായിരിക്കും നിശ്ചയിക്കുക. ത്രിതല തലത്തില്‍ സമിതി രൂപീകരിക്കും. സംസ്ഥാന-ജില്ലാ-പഞ്ചായത്ത് തലത്തിലായിരിക്കും സമിതി. സംസ്ഥാന തലത്തില്‍ മുഖ്യമന്ത്രിയായിരിക്കും ഈ ടാസ്‌ക്‌ഫോഴ്‌സിന്റെ അധ്യക്ഷന്‍.

സാമൂഹ്യക്ഷേമ-വൈദ്യുതി- പട്ടികജാതി പട്ടികവര്‍ഗ-ഫിഷറീസ് മന്ത്രിമാര്‍ സമിതിയില്‍ ഉണ്ടാകും. പ്രതിപക്ഷനേതാവിനെ പ്രത്യേകക്ഷണിതാവാക്കും.

പദ്ധതിയുടെ സിഇഒ ആയി തദ്ദേശ സെക്രട്ടറിയെയും ചുമതലപ്പെടുത്തും. ഭൂലഭ്യത ഉറപ്പാക്കല്‍, വിഭവസമാഹരണം, ഗുണഭോക്താവിനുള്ള മാനദണ്ഡം നിശ്ചയിക്കല്‍, പൊതുമാര്‍ഗനിര്‍ദേശങ്ങള്‍ ആവിഷ്‌കരിക്കല്‍ എല്ലാമാണ് മിഷന്റെ പ്രധാന ദൗത്യം. സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും.

രോഗികള്‍ക്ക് അടിയന്തരമായി വൈദ്യപരിശോധന ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളെ ജനസൗഹൃദമാക്കാന്‍ പ്രത്യേക ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കും.

രോഗികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലാണ് പദ്ധതി തുടങ്ങുക.

ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍ തുടങ്ങി എല്ലാ ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കും. അലോപ്പതി-ആയുര്‍വേദ-ഹോമിയോ രംഗത്തും രോഗികളുടെ സാന്ദ്രതയ്ക്ക് അനുസരിച്ച് പദ്ധതി നടപ്പാക്കും.

കുടുംബങ്ങളുമായി നേരിട്ട് ഡോക്ടര്‍ ബന്ധപ്പെടുന്ന തരത്തിലുള്ള ഇടപെടല്‍ ആണ് ഉദ്ദേശിക്കുന്നത്. ഇതിനും ഒരു സംസ്ഥാന തല ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കും.

മുഖ്യമന്ത്രി അധ്യക്ഷനാകുന്ന ടാസ്‌ക്‌ഫോഴ്‌സില്‍ ഉപാധ്യക്ഷനായി ആരോഗ്യമന്ത്രി, പ്രതിപക്ഷനേതാവ് പ്രത്യേക ക്ഷണിതാവ് എന്നിങ്ങനെയായിരിക്കും.

തദ്ദേശ പ്രിന്‍സിപ്പല്‍ സെക്രട്ടറി, സാമൂഹ്യക്ഷേമവകുപ്പ് സെക്രട്ടറി, ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി എന്നിവരും ടാസ്‌ക്‌ഫോഴ്‌സില്‍ ഉണ്ടാകും.

സ്‌കൂള്‍ വിദ്യാഭ്യാസത്തിലും സമഗ്രമാറ്റം ലക്ഷ്യമിടുന്നു. പ്രീപ്രൈമറി മുതലുള്ള പഠനസൗകര്യം ഉറപ്പാക്കും. പഠനത്തില്‍ പിന്നിലാകുന്നവര്‍ക്ക് പ്രത്യേക ശിക്ഷണം നല്‍കും. ഐടി പഠനത്തിന് പ്രത്യേക ഊന്നല്‍ നല്‍കും. കൗമാരക്കാര്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് ഏര്‍പ്പാടാക്കും. അതോടൊപ്പം വിവിധ തൊഴിലില്‍ വൈവിധ്യം നേടുന്നതിനു സ്‌കില്‍ ഡവലപ്പ്‌മെന്റ് കേന്ദ്രങ്ങളും ആരംഭിക്കും.

സമഗ്രമായ വിദ്യാഭ്യാസ നവീകരണ പദ്ധതിക്ക് രൂപം കൊടുക്കുകയാണ് സര്‍ക്കാര്‍. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌കൂളുകളാക്കി സര്‍ക്കാര്‍ സ്‌കൂളുകളെ ഉയര്‍ത്തും. ഒപ്പം ഹൈസ്‌കൂള്‍-ഹയര്‍ സെക്കണ്ടറി ക്ലാസ്മുറികള്‍ ഹൈടെക് ആക്കും.

Top