തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിനെ വെറുതെ വിടുമെന്ന ധാരണ വേണ്ടെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ.ഐ ക്യാമറ ഇടപാടിലെ ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹമാണ്. പിണറായി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി നല്‍കിയ സ്റ്റേ ഉത്തരവ്. കോടതി വിധി സാധരണ ജനങ്ങളുടെ വിജയമാണ്. അഴിമതിക്കെതിരെ ഇനിയും പ്രതികരിക്കും. സര്‍ക്കാരിനെ അഴിമതി നടത്തി മുന്നോട്ട് പോകാന്‍ അനുവദിക്കില്ല. അഴിമതിയുടെ തെളിവുകളും രേഖകളും നല്‍കിയിട്ട് മൗനം പാലിച്ച മുഖ്യമന്ത്രിക്ക് ഇനിയെന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
രമേശ് ചെന്നിത്തലയുടെ പ്രസ്താവന: ”എ.ഐ ക്യാമറ ഇടപാടിലെ നഗ്നമായ അഴിമതിക്കെതിരെ ഞാനും വി.ഡി സതീശനും കൊടുത്ത ഹര്‍ജിയില്‍ ബഹു: ഹൈക്കോടതി നല്‍കിയ ഉത്തരവ് സ്വാഗതാര്‍ഹമാണ്. എ.ഐ ക്യാമറയുടെ പേരിലുള്ള പിഴ ഈടാക്കല്‍, നിര്‍ത്തിവെയ്ക്കാനാണ് ഉത്തരവ്. പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും പോക്കറ്റില്‍ കൈയ്യിട്ടു വരാന്‍ ഉദ്ദേശിച്ച പിണറായി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി നല്‍കിയ സ്റ്റേ ഉത്തരവ്.”
”ഞാന്‍ ആദ്യമായി ഈ ഇടപാടിലെ അഴിമതി പുറത്തുവിട്ടു കഴിഞ്ഞപ്പോള്‍ നിയമ മന്ത്രി പലവട്ടം വെല്ലുവിളിച്ചു ചോദിച്ചു എന്തേ കോടതിയില്‍ പോകത്തത്? സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അഴിമതി നടന്നിട്ടില്ല എന്ന് തറപ്പിച്ചു പറഞ്ഞു, എന്നാല്‍ ഈ ഇടപാടില്‍ അഴിമതി ഞാന്‍ പുറത്തുവിട്ട ശേഷം ഒരക്ഷരം പ്രതികരിക്കാത്ത മുഖ്യമന്ത്രിയുടെ പ്രതികരണം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പ്രതീക്ഷിക്കുന്നു. കോടതി ഉത്തരവ് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണ്.”
”ജനങ്ങള്‍ ഒന്നാകെ പ്രതിഷേധിച്ചിട്ടും ഇടപാടിലെ വന്‍ അഴിമതിയുടെ തെളിവുകളും രേഖകളും ഞാന്‍ പല ഘട്ടങ്ങളില്‍ നല്‍കിയിട്ടും മൗനം പാലിച്ച മുഖ്യമന്ത്രിക്ക് ഇനിയെന്താണ് പറയാനുള്ളത്? ഒരു കാരണവശാലും സര്‍ക്കാരിനെ അഴിമതി നടത്തി മുന്നോട്ട് പോകാന്‍ അനുവദിക്കില്ല. വിധി സാധരണ ജനങളുടെയും പാടത്തും പറമ്പിലും പണിയെടുക്കുന്നവരുടെയും കൂലി വേല ചെയ്തു ജീവിക്കുന്നവരുടെയും വിജയമാണ്. പിണറായി വിജയന്‍ സര്‍ക്കാരിനെ വെറുതെ വിടുമെന്ന ധാരണ വേണ്ട പോരാട്ടം തുടരും, അഴിമതിക്കെതിരെ ഇനിയും പ്രതികരിക്കും…’