ക്ഷേമ പെന്‍ഷനില്‍ നിന്ന് കയ്യിട്ടുവാരി പോസ്റ്ററടിക്കുന്ന നിങ്ങളെയോര്‍ത്ത് മലയാളികള്‍ തല കുനിക്കുന്നു;കെ സുധാകരന്‍

തിരുവനന്തപുരം: മാസപ്പടിയായും വാര്‍ഷികപ്പടിയായും കിട്ടുന്ന നോട്ടുകെട്ടുകള്‍ നിറച്ച കിടക്കയിലുറങ്ങുന്ന പിണറായി വിജയനെന്ന നാണംകെട്ടവനെ ചുമക്കുന്ന സിപിഐഎം അധഃപതനത്തിന്റെ നെല്ലിപ്പലകയിലെത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ക്ഷേമ പെന്‍ഷനില്‍ നിന്ന് കയ്യിട്ടുവാരി പോസ്റ്ററടിക്കുന്ന നിങ്ങളെയോര്‍ത്ത് മലയാളികള്‍ തല കുനിക്കുന്നു. ടി.പി ചന്ദ്രശേഖരനെയും ഷുഹൈബിനെയും കൃപേഷിനെയും ശരത്ലാലിനെയും ഏറ്റവുമൊടുവില്‍ സിദ്ധാര്‍ത്ഥനെയും കൊലയ്ക്കുകൊടുത്ത അഭിനവ ഹിറ്റ്ലറാണ് പിണറായി വിജയനെന്നും കെ സുധാകരന്‍.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞതോടെ വിറളിപിടിച്ചതുകൊണ്ടാണ് കോണ്‍ഗ്രസിനെ അപമാനിച്ചു കൊണ്ട് പിണറായി പ്രസംഗിച്ചത്. എന്നാല്‍ ഇത്രയും ഗംഭീരമായ ഒരു സ്ഥാനാര്‍ത്ഥി നിര്‍ണയം സമീപകാലത്തൊന്നും യുഡിഎഫില്‍ ഉണ്ടായിട്ടില്ല. തൃശൂരില്‍ ഇടതുപക്ഷ-ബിജെപി സഖ്യത്തെ കെ മുരളീധരന്‍ ഒറ്റ ദിവസം കൊണ്ടാണ് പൊളിച്ചടുക്കിയത്. തന്റെ യോഗത്തിന് ആളില്ലെന്നു പറഞ്ഞ് സുരേഷ് ഗോപി തിരുവനന്തപുരത്തേക്കുള്ള വണ്ടികയറാന്‍ നില്‍ക്കുകയാണ്. ആലപ്പുഴയില്‍ സിപിഎമ്മിന്റെ ഏക കനലിനെ കെ.സി വേണുഗോപാല്‍ ഊതിക്കെടുത്തിക്കഴിഞ്ഞു. വടകരയില്‍ കോണ്‍ഗ്രസിന്റെ യുവതുര്‍ക്കി ഷാഫി പറമ്പില്‍ സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. 20 മണ്ഡലങ്ങളിലും ഇതാണ് സ്ഥിതി.

തലകുത്തിനിന്നാല്‍ പോലും ബിജെപി കേരളത്തില്‍ ഒരു സീറ്റിലും വിജയിക്കില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പാക്കിയിട്ടുണ്ട്. അങ്ങനെയൊരു നിലപാടെടുക്കാന്‍ സിപിഎമ്മിനു സാധിക്കുമോ? 2021ലെ നിയമസഭാ തെരഞ്ഞെടുപ്പു മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന സിപിഎം-ബിജെപി കൂട്ടുകെട്ട് 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ കൂടുതല്‍ സുദൃഢമായിട്ടുണ്ട്. സംഘപരിവാര്‍ ശക്തികള്‍ക്കെതിരേ രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടങ്ങള്‍ക്കു നേരേ കണ്ണടയ്ക്കുന്ന പിണറായി, ആര്‍എസ്എസിനെ ചെറുക്കുന്നത് അവര്‍ മാത്രമാണെന്ന് അവകാശപ്പെടുന്നതും കോണ്‍ഗ്രസിന്റെ പോരാട്ടവും തമ്മില്‍ ആനയും ആടും പോലെയുള്ള വ്യത്യാസമുണ്ട്.

ബിജെപിയിലേക്ക് ആരെങ്കിലും പോയാല്‍ സുരേന്ദ്രനേക്കാള്‍ ആര്‍ത്തുല്ലസിക്കുന്ന സംഘപരിവാര്‍ മനസ്സാണ് പിണറായി വിജയന്റേത്. ബിജെപിയെ കേരളത്തില്‍ മുഖ്യപ്രതിപക്ഷമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള അച്ചാരം വാങ്ങിയ സിപിഎം നേതാവും പിണറായി വിജയനാണ്. കോണ്‍ഗ്രസിനെ നശിപ്പിക്കണമെന്നും തകര്‍ക്കണമെന്നുമാണ് സിപിഎമ്മും ബിജെപിയും ആഗ്രഹിക്കുന്നത്. ഇതിന് മോദിയുടെയും അമിത്ഷായുടെയും അനുചരന്മാരായ ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ഇടനിലക്കാരായി നിയോഗിച്ചിരിക്കുകയാണ്. കോണ്‍ഗ്രസില്‍നിന്ന് അടര്‍ത്തിയെടുത്ത ചില നേതാക്കളെയും ഇതിനായി വിനിയോഗിക്കുന്നു.

ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ നടന്ന ബിജെപി- സിപിഎം ചര്‍ച്ചയും, ശ്രീ എമ്മിനു തിരുവനന്തപുരം ആക്കുളത്ത് സൗജന്യമായി നല്‍കിയ നാലരയേക്കര്‍ ഭൂമിയില്‍ നിര്‍മിക്കുന്ന യോഗാ സെന്ററിനു തറക്കല്ലിടാന്‍ പിണറായി എത്തിയതും മകള്‍ വീണാ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം ഒത്തുതീര്‍പ്പ് ആക്കുന്നതിന്റെ ഭാഗമാണോയെന്ന് സംശയിക്കേണ്ട എല്ലാ സാഹചര്യവുമുണ്ട്. പിണറായി വിജയനെ എപ്പോള്‍ വേണമെങ്കിലും കയ്യാമം വയ്ക്കാവുന്ന സ്വര്‍ണക്കടത്ത് കേസ്, ഡോളര്‍ കടത്തുകേസ്, ലൈഫ് മിഷന്‍ അഴിമതി എന്നിവ വര്‍ഷങ്ങളായി മെല്ലപ്പോക്കിലാണ്. മാസപ്പടി കേസും അതേ രീതിയില്‍ ഒത്തുതീര്‍പ്പാകും എന്നാണ് സൂചനകള്‍. ലാവ്ലിന്‍ കേസ് 39 തവണ മാറ്റിവച്ച് സര്‍വകാല റിക്കാര്‍ഡിട്ടു. കേസെടുക്കുന്ന ദിവസം പ്രോസിക്യൂഷന്‍ ഹാജരാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്. ബിജെപി അധ്യക്ഷന്റെ കുഴല്‍പ്പണ കേസ് പിണറായി വിജയനും പ്രത്യുപകരമായി ചവിട്ടിപ്പിടിച്ചിരിക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞു.

Top