pinarayi kerala ldf- chief ministers

തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ജനസാഗരത്തെ സാക്ഷിനിര്‍ത്തി പിണറായി വിജയന്‍ കേരളത്തിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രിക്കും പിന്നാലെ മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലികൊടുത്തു.

മുഖ്യമന്ത്രിയടക്കം 19 മന്ത്രിമാരാണ് ഇന്ന് അധികാരമേറ്റത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരം, വിജിലന്‍സ്, ഐ.ടി വകുപ്പുകളുടെ ചുമതല വഹിക്കും. ഡോ. തോമസ് ഐസക്: ധനം, ഇ.പി ജയരാജന്‍: വ്യവസായം, കായികം, കെ.കെ ശൈലജ: ആരോഗ്യം, സാമൂഹ്യ ക്ഷേമം, എ.കെ ബാലന്‍: നിയമം, സാംസ്‌കാരികം, പിന്നാക്കക്ഷേമം, ടി.പി രാമകൃഷ്ണന്‍: എക്‌സൈസ്, തൊഴില്‍, ജി. സുധാകരന്‍: പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍, പ്രഫ. സി. രവീന്ദ്രനാഥ്: വിദ്യാഭ്യാസം, ജെ. മേഴ്‌സിക്കുട്ടിയമ്മ: ഫിഷറീസ്, പരമ്പരാഗത വ്യവസായം, കടകംപള്ളി സുരേന്ദ്രന്‍: വൈദ്യുതി, ദേവസ്വം, എ.സി മൊയ്തീന്‍: സഹകരണം, ടൂറിസം, ഡോ. കെ.ടി ജലീല്‍: തദ്ദേശസ്വയംഭരണ വകുപ്പുകളുമാണ് കൈകാര്യം ചെയ്യുന്നത്.

മൂന്ന് ഘടകകക്ഷികള്‍ക്ക് നല്‍കുന്ന വകുപ്പുകളുടെ കാര്യത്തിലും ധാരണയായി. ജനതാദള്‍ എസിന് ജലവിഭവം, കോണ്‍ഗ്രസ് എസിന് തുറമുഖം, മ്യൂസിയം, മൃഗശാല, എന്‍.സി.പിക്ക് ഗതാഗതം എന്നി വകുപ്പുകളാണ് നല്‍കിയിട്ടുള്ളത്.

സി.പി.ഐക്ക് ഇ. ചന്ദ്രശേഖരന്‍-റവന്യു, പി. തിലോത്തമന്‍-വനംപരിസ്ഥിതി, കെ. രാജു-ഭക്ഷ്യപൊതുവിതരണം, വി.എസ് സുനില്‍ കുമാര്‍-കൃഷി എന്നീ വകുപ്പുകളാണ് ലഭിച്ചിരിക്കുന്നത്.

വി.എസ് അച്യുതാനന്ദന്‍, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗം പ്രകാശ് കാരാട്ട്, വിവിധ കക്ഷി നേതാക്കള്‍, സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ്, ഒ.രാജഗോപാല്‍, മുന്‍ സ്പീക്കര്‍ എന്‍.ശക്തന്‍, എം.ഇ.എസ് നേതാവ് ഫസല്‍ ഗഫൂര്‍, എം.എല്‍.എമാര്‍ തുടങ്ങിയ രാഷ്ട്രീയ ലോകത്തുനിന്ന് വലിയൊരു നിര തന്നെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.

മത സാമുദായിക നേതാക്കള്‍, സാംസ്‌കാരിക നായകര്‍, സിനിമ ലോകത്തുനിന്നും നടന്‍ മധു, സംവിധായകന്‍ രഞ്ജിത്, താരങ്ങളായ മമ്മൂട്ടി, ദിലീപ്, എം.പി കൂടിയായ ഇന്നസെന്റ്, കെ.പി.എ.സി ലളിത, ഗായകന്‍ വേണുപോപാല്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ള പ്രതിനിധികളെല്ലാം ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വിശിഷ്ട അതിഥികളുടെ നിരയില്‍ പ്രഥമ സ്ഥാനമാണ് വി.എസിന് ഒരുക്കിയിരുന്നത്. കന്റോണ്‍മെന്റ് ഹൗസില്‍ നിന്നും പാര്‍ട്ടി കൊടിവച്ച സ്വകാര്യ കാറിലാണ് വി.എസ് ചടങ്ങിനെത്തിയത്.

വി.എസിന്റെ അനുഗ്രഹം തേടി രാവിലെ മുതല്‍ നിയുക്ത മന്ത്രിമാര്‍ കന്റോണ്‍മെന്റ് ഹൗസില്‍ എത്തിയിരുന്നു. ഇ.പി ജയരാജന്‍, വി.എസ് സുനില്‍കുമാര്‍, കെ.ടി ജലീല്‍, കടകംപള്ളി സുരേന്ദ്രന്‍, ജി.സുധാകരന്‍ തുടങ്ങിയവരടക്കമുള്ളവര്‍ വിഎസിനെ രാവിലെ സന്ദര്‍ശിച്ചിരുന്നു.

വി.എസിന്റെ കാലില്‍ തൊട്ട് വന്ദിച്ച ശേഷമാണ് സുധാകരന്‍ മടങ്ങിയത്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വി.എസിനെ ഇവര്‍ വ്യക്തിപരമായി ക്ഷണിക്കുകയും ചെയതു. വി.എസ് സുനില്‍കുമാര്‍ കുടുംബസമേതമാണ് വി.എസിനെ കാണാനെത്തിയത്.

സി.പി.എം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തതിനു പിന്നാലെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും വി.എസിനെ നേരില്‍ കണ്ട് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും ഫേസ്ബുക്ക് പോസ്റ്റിലൂടെ വിഎസ് അച്യുതാനന്ദന്‍ രാവിലെ തന്നെ ആശംസകള്‍ നേര്‍ന്നിരുന്നു. ഐശ്വര്യ പൂര്‍ണമായ ഒരു കേരളം കെട്ടിപ്പടുക്കാന്‍ പൂര്‍ണമായ ജനപങ്കാളിത്തത്തോടെ എല്‍.ഡി.എഫ് മന്ത്രിസഭക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. സര്‍ക്കാറിനെതിരെ ഭീക്ഷണിയുടെ സ്വരം മുഴക്കി ചില കേന്ദ്രമന്ത്രിമാര്‍ രംഗത്ത് വന്നിട്ടുണ്ട്. പുരോഗമന സര്‍ക്കാറിനെ താഴെയിറക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ഈ കൂട്ടം. നമ്മള്‍ സദാ ജാഗരൂഗരായിരിക്കുമെന്നും വി.എസ് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

Top