കണ്ണൂര്‍ : കണ്ണൂര്‍ വനിതാ ജയിലില്‍ ആത്മഹത്യ ചെയ്ത പിണറായി കൂട്ടക്കൊലപാതകക്കേസിലെ പ്രതി സൗമ്യ(30)യുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍. ആത്മഹത്യ ചെയ്തതില്‍ അസ്വാഭാവികതയുണ്ടെന്നും മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു.
ഒരു കുടുംബത്തിലെ മൂന്നു പേരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സൗമ്യയ്ക്കു പിന്നിലുള്ളവരെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. കണ്ണൂര്‍ വനിതാ ജയിലില്‍ തൂങ്ങിമരിച്ച സൗമ്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം സഹകരണ മെഡിക്കല്‍ കോളജിലേക്കു മാറ്റി. ബന്ധുക്കള്‍ നിരസിച്ച സാഹചര്യത്തില്‍ പയ്യാമ്പലം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാനാണു പൊലീസ് ആലോചന.
കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സമയത്ത് സൗമ്യയെ സന്ദര്‍ശിച്ച കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി (കെല്‍സ) പ്രവര്‍ത്തകരോട് ചിലരുടെ നിര്‍ദേശ പ്രകാരമാണു കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതെന്നും ഇക്കാര്യം കോടതിയില്‍ തുറന്നു പറയുമെന്നും സൗമ്യ പറഞ്ഞിരുന്നു.
ഇതേ തുടര്‍ന്നു വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് മേധാവിക്കും മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.