പിണറായി കൂട്ടക്കൊലപാതകം: ആസൂത്രണം ചെയ്തതും നടപ്പാക്കിയതും സൗമ്യ ഒറ്റക്ക്‌

കണ്ണൂര്‍: പിണറായിയിലെ കൂട്ടക്കൊലപാതകം അറസ്റ്റിലായ സൗമ്യ ഒറ്റക്ക് ചെയ്തതെന്ന് പൊലീസ്. കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും സൗമ്യ ഒറ്റക്കാണ്. ഇതില്‍ കാമുകന്മാര്‍ക്ക് പങ്കില്ലെന്ന കണ്ടെത്തലിലാണ് പൊലീസ്.

സൗമ്യയുമായി ബന്ധമുണ്ടെന്നു കരുതുന്ന മൂന്നു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ രണ്ടു പേരെ വിട്ടയച്ചു. ഒരാള്‍ ഇപ്പോഴും കസ്റ്റഡിയിലുണ്ട്. യുവാക്കള്‍ക്കു സൗമ്യയുമായി അടുപ്പമുണ്ടായിരുന്നുവെങ്കിലും കൊലപാതകങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

സാമ്പത്തിക ബാധ്യതയും കുടുംബപ്രശ്‌നങ്ങളും കാരണമാക്കി എല്ലാവരും ആത്മഹത്യ ചെയ്‌തെന്ന് വരുത്താനായിരുന്നു സൗമ്യയുടെ ശ്രമം. ഇതിന്റെ ഭാഗമായാണ് അസ്വസ്ഥത അഭിനയിച്ച് സൗമ്യ ചികിത്സ തേടിയത്.

സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍,അമ്മ കമല, സൗമ്യയുടെ മക്കളായ ഐശ്വര്യ, കീര്‍ത്തന എന്നിവരാണ് ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചത്. 2012 സെപ്റ്റംബര്‍ ഒമ്പതിനാണ് കീര്‍ത്തന മരിച്ചത്. ആറുവര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 31ന് ഐശ്വര്യയും മരിച്ചു. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നുമായിരുന്നു മരിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൗമ്യയെ അവിടെനിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

അലുമിനിയം ഫോസ്‌ഫൈഡ് ഉള്ളില്‍ ചെന്നതിനെത്തുടര്‍ന്നാണ് സൗമ്യയുടെ അച്ഛനും അമ്മയും മരിച്ചതെന്ന രാസപരിശോധനാഫലം പുറത്തുവന്നതിന് പിന്നാലൊണ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്.

Top