കേരളത്തില്‍ പിണറായി സര്‍ക്കാറിന്റെ ഭരണ തുടര്‍ച്ചക്ക് സാധ്യത കൂടുതലാണെന്ന് ഒടുവില്‍ കോണ്‍ഗ്രസ്സ് നേതൃത്വവും.
രമേശ് ചെന്നിത്തല വിരുദ്ധരായ നേതാക്കളാണ് ഇക്കാര്യം കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനെ അറിയിച്ചിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തല സമ്പൂര്‍ണ്ണ പരാജയമാണെന്നും ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നു. ചെന്നിത്തലയെ മാറ്റി ജനകീയരായ നേതാക്കളെ തല്‍സ്ഥാനത്തേക്ക് കൊണ്ടുവന്നില്ലെങ്കില്‍ പണിപാളുമെന്നാണ് മുന്നറിയിപ്പ്.
പൗരത്വ ഭേദഗതി വിഷയത്തില്‍ നേട്ടം മുഴുവന്‍ ഇടതുപക്ഷമാണ് കൊണ്ടു പോകുകയെന്നും ഇവര്‍ സോണിയ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. സ്വന്തം നിലയ്ക്ക് വലിയ രൂപത്തില്‍ കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും പ്രക്ഷോഭം നടത്താന്‍ കഴിയാതിരുന്നതും തിരിച്ചടിക്ക് കാരണമാകും.
ലോകസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ തുണച്ച ഘടകങ്ങളെല്ലാം ഇപ്പോള്‍ ഇടതുപക്ഷത്തിനാണ് അനുകൂലമായിരിക്കുന്നത്. പിണറായി സര്‍ക്കാറിനുള്ള ന്യൂനപക്ഷ പിന്തുണ വെളിവാക്കുന്ന സമരമായി മനുഷ്യചങ്ങല മാറുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
പൗരത്വ ഭേദഗതി വിഷയത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ചെന്നിത്തല സമരത്തിനിറങ്ങിയത് പിഴച്ചെന്നാണ് ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, വിഎം സുധീരന്‍, കെ മുരളീധരന്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ തുടങ്ങിയ നേതാക്കള്‍ക്കെല്ലാം ഏകാഭിപ്രായമാണുള്ളത്.
പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികളുടെയും ഗുണഫലം ഇടതുപക്ഷത്തിനാണ് ലഭിക്കുകയെന്നാണ് ഇവരുടെ വാദം.
സര്‍ക്കാര്‍ മാത്രമല്ല ഇടതു സംഘടനകളും പ്രതിഷേധ രംഗത്ത് സജീവമായിരുന്നു. ഇതൊരു തരംഗമായി മാറിയാല്‍ 120 സീറ്റു വരെ ഇടതുപക്ഷത്തിന് കിട്ടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.
പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ രാജ്യത്ത് തന്നെ ഏറ്റവും ശക്തമായ നിലപാട് സ്വീകരിച്ചത് കേരള സര്‍ക്കാറാണ്. സുപ്രീം കോടതിയില്‍ നിയമ ഭേദഗതിക്കെതിരെ ഹര്‍ജികൂടി നല്‍കിയതോടെ ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു.
കേരള നിയമസഭ പ്രമേയം അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പോലും നോക്കി നില്‍ക്കുകയാണ് ചെയ്തിരുന്നത്. ഇതിനും മറുപടി പറയേണ്ട ഗതികേടിലാണിപ്പോള്‍ യു.ഡി.എഫ് നേതൃത്വം.
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഡി.എം.കെ ഉള്‍പ്പെടെയുള്ള യു.പി.എ ഘടകകക്ഷികളെ പോലും പങ്കെടുപ്പിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞിട്ടില്ല. ഇതും കേരളത്തില്‍ ചൂടുള്ള ചര്‍ച്ചാ വിഷയമാണ്.ഡി.എം.കെ ക്ക് പുറമെ തൃണമൂല്‍ കോണ്‍ഗ്രസ്സ്, ആം ആദ്മി പാര്‍ട്ടി, ബി.എസ്.പി, എസ്.പി, ശിവസേന തുടങ്ങിയ പാര്‍ട്ടികളും സോണിയ വിളിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
കോണ്‍ഗ്രസ്സിന്റെ ഈ കഴിവുകേട് ഇടതുപക്ഷത്തിനാണ് കേരളത്തില്‍ ഗുണമായി മാറുന്നത്. യു.ഡി.എഫ് ശക്തികേന്ദ്രങ്ങളായ ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ പോലും ഇതിന്റെ പ്രതിധ്വനി വ്യക്തവുമാണ്.
ഇക്കാര്യത്തില്‍ വലിയ ആശങ്ക മുസ്ലീം ലീഗിനുമുണ്ട്. ലീഗിന്റെ വോട്ട് ബാങ്കായ ഇ.കെ സുന്നി വിഭാഗം പോലും പിണറായി സര്‍ക്കാറിനെയാണിപ്പോള്‍ പിന്തുണയ്ക്കുന്നത്. മനുഷ്യചങ്ങലയില്‍ ലീഗ് പങ്കെടുക്കുന്നില്ലങ്കിലും അനുഭാവികള്‍ പങ്കെടുക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ഇക്കാര്യത്തില്‍ നേതൃത്വത്തിന്റെ വിലക്ക് അംഗീകരിക്കില്ലന്ന് പല പ്രാദേശിക ഘടകങ്ങളും നേതൃത്വത്തോട് വ്യക്തമാക്കിയിട്ടുണ്ട്.
മനുഷ്യചങ്ങലയില്‍ പങ്കെടുക്കാതിരിക്കുന്നത് വലിയ വിഡ്ഢിത്തമാണെന്ന അഭിപ്രായമാണ് ഒരു വിഭാഗം ലീഗ് നേതാക്കള്‍ക്കുമുള്ളത്. ജനുവരി 26നാണ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഇടതുപക്ഷം മനുഷ്യചങ്ങല തീര്‍ക്കുന്നത്. പങ്കാളിത്വത്തിന്റെ കാര്യത്തില്‍ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമായി ഇതു മാറും. മനുഷ്യചങ്ങല മനുഷ്യമതിലായി മാറുമെന്നാണ് സി.പി.എം നേതൃത്വവും അവകാശപ്പെടുന്നത്.
കൊച്ചു കുട്ടികള്‍ മുതല്‍ ജാതി – മത രാഷ്ട്രീയ ഭേദമന്യേ ലക്ഷങ്ങളെ അണിനിരത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്.
മുന്‍പ് പലവട്ടം സി.പി.എമ്മും, ഡി.വൈ.എഫ്.ഐയും മനുഷ്യചങ്ങലയും മനുഷ്യ കോട്ടയും എല്ലാം സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്തവണ പങ്കാളിത്വം കൂടുമെന്നാണ് നേതാക്കള്‍ പറയുന്നത്.തിളച്ച് മറിയുന്ന കേരളത്തിന്റെ മനസ്സിന്റെ പ്രതിധ്വനിയാണ് ചങ്ങലയില്‍ ദൃശ്യമാകുകയെന്നാണ് വാദം.
പൗരത്വഭേദഗതിനിയമത്തിന്റെ പേരില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് തെല്ലും ഉല്‍ക്കണ്ഠ വേണ്ടെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ചില ജനവിഭാഗങ്ങളെ പൗരത്വത്തില്‍നിന്നൊഴിവാക്കാന്‍ ആദ്യം ദേശീയ ജനസംഖ്യാ രജിസ്റ്ററും അതില്‍നിന്ന് ദേശീയ പൗരത്വ രജിസ്റ്ററും ഉണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ദേശീയ ജനസംഖ്യാ രജിസ്റ്ററുണ്ടാക്കാന്‍ ഏപ്രില്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെ കണക്കെടുപ്പ് നടത്തുമെന്നാണ് കേന്ദ്രപ്രഖ്യാപനം. എന്നാല്‍ ഇതൊന്നും കേരളത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പിണറായി ഉറപ്പ് നല്‍കിയിട്ടുണ്ട്. കേരള സര്‍ക്കാരിന് ഇക്കാര്യത്തില്‍ ആശയക്കുഴപ്പമില്ല. പുതിയ പൗരത്വ നിയമത്തില്‍ ആര്‍എസ്എസിന് ചില അജന്‍ഡകളുണ്ട്. നിയമം അടിസ്ഥാനപരമായി ഭരണഘടനാ വിരുദ്ധമാണെന്നും പിണറായി തുറന്നടിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ കിരാത നടപടിക്കെതിരെ ലോകമാകെ അഭൂതപൂര്‍വമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. എണ്ണായിരം പണ്ഡിതന്മാര്‍ ഒപ്പിട്ട് പ്രതിഷേധമറിയിച്ചു. ഒട്ടേറെ രാഷ്ട്രത്തലവന്മാര്‍ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കി. ഇന്ത്യയില്‍ ഇതുവരെ സമരരംഗത്തുവരാത്ത ഐഐടി, ഐഐഎം, ഐഐഎസ് തുടങ്ങിയ പ്രൊഫഷണല്‍ സ്ഥാപനങ്ങളിലടക്കം ശക്തമായ പ്രതിഷേധം നടന്നുവെന്നും പിണറായി ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങളെല്ലാം മുന്‍ നിര്‍ത്തി വിപുലമായ പ്രചരണപരിപാടികളാണ് സിപിഎമ്മും വര്‍ഗബഹുജന സംഘടനകളും നടത്തി വരുന്നത്. കാമ്പസുകള്‍ മുതല്‍ തെരുവുകള്‍ വരെ നടക്കുന്ന ഈ പ്രതിഷേധങ്ങള്‍ക്ക് യുഡിഎഫ് അണികളെ പോലും സ്വാധീനിക്കാന്‍ ഇതിനകം കഴിഞ്ഞിട്ടുണ്ട്.
ഈഴവ വോട്ട് ബാങ്ക് ഉറപ്പിച്ച് നിര്‍ത്തുകയും ന്യൂനപക്ഷ വോട്ടുകള്‍ കൂടുതലായി ആകര്‍ഷിക്കുകയും ചെയ്യുന്ന തന്ത്രമാണ് സി.പി.എം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലും കുട്ടനാട് ഉപതിരഞ്ഞെടുപ്പിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകുമോയെന്നാണ് യു.ഡി.എഫും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. കുട്ടനാട് ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റാണ്. ഇവിടെ അട്ടിമറി നടത്തിയാല്‍ അത് യു.ഡി.എഫിന് ആത്മവിശ്വാസം നല്‍കുമെന്നാണ് നേതാക്കള്‍ കരുതുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസ്സിലെ തമ്മിലടിയില്‍ ഉള്ള വോട്ട് പോലും യു.ഡി.എഫിന് നഷ്ടപ്പെടുമെന്നാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്.
അതേസമയം നിലവിലെ രാഷ്ട്രീയ സാഹചര്യം ചുവപ്പ് രാഷ്ട്രീയത്തിനാണ് കേരളത്തില്‍ മേല്‍ക്കോയ്മ നല്‍കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പോലും വിലയിരുത്തിയിരിക്കുന്നത്.
Political reporter