ഐസക്കിന് സീറ്റ് നിഷേധിച്ചതിന്റെ ഉത്തരവാദിത്വം പിണറായിക്ക്; ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ധനമന്ത്രി തോമസ് ഐസകിന് സീറ്റ് നിഷേധിച്ചതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. സിപിഎമ്മിനകത്തെ വിഭാഗീയത അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവാണിത്. പി ജയരാജനും ജി സുധാകരനും ഉള്‍പ്പെടെയുള്ള പ്രമുഖരെ തഴഞ്ഞതുകൊണ്ട് പാര്‍ട്ടിക്ക് ഇത്തവണ വോട്ടുകള്‍ നഷ്ടമാകും. പക്ഷെ പിണറായി സര്‍ക്കാരിന്റെ ഭരണ മികവില്‍ എല്‍ഡിഎഫിന് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

‘പി ജയരാജനെ ഒഴിവാക്കിയതില്‍ വലിയ അമര്‍ഷമുണ്ട്. പാര്‍ട്ടിക്കായി ത്യാഗം ചെയ്തയാളെ ഒഴിവാക്കുന്നത് ശരിയല്ല. അദ്ദേഹത്തെ ഒഴിവാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്നും അദ്ദേഹം ചോദിച്ചു. അഴിമതി തൊട്ടുതീണ്ടാത്ത നേതാവാണ് ജി സുധാകരന്‍. അദ്ദേഹത്തെയും ഒഴിവാക്കി. ഐസക്ക് ഏറ്റവും നല്ല ധനമന്ത്രിയാണ്. ഒഴിവാക്കരുതെന്ന് കോടിയേരിയെ അടക്കം ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു’.

സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ ജില്ലാകമ്മിറ്റി പറയുന്നതാണ് പരിഗണിക്കേണ്ടെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിണറായിയുടെ സമ്മതവും അനുമതിയുമില്ലാതെ ആരും സ്ഥാനാര്‍ത്ഥിയാകില്ല. സ്ഥാനാര്‍ത്ഥികളെ അടിച്ചേല്‍പ്പിച്ചതിനാലാണ് പ്രതിഷേധം തെരുവിലെത്തിയത്. ഐസക്കിനെ തട്ടിയതിന്റെ ഉത്തരവാദിത്തം പിണറായിക്കാണെന്നാണ് തോന്നുന്നത്. പരസ്യമായി മാപ്പ് പറഞ്ഞിട്ടും പിണറായി കാണാന്‍ എത്താത്തതില്‍ നിരാശയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top