തിരുവനന്തപുരം: മദ്യവ്യവസായി വിജയ് മല്യയുടെ മദ്യ ഉത്പാദന കമ്പനിക്ക് ഭൂമി അനുവദിച്ച സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. ഘട്ടം ഘട്ടമായി മദ്യം നിരോധിക്കും എന്ന് പറയുന്ന യുഡിഎഫ് പച്ചവെള്ളം കുപ്പിയിലാക്കാനാണോ മദ്യരാജാവ് വിജയ് മല്യക്ക് 20 ഏക്കര്‍ ഭൂമി പതിച്ചുനല്കിയതെന്ന് പിണറായി വിജയന്‍ ചോദിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പിണറായിയുടെ വിമര്‍ശനം.
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് ദേശീയ പാതയോട് ചേര്‍ന്ന ഭൂമി വിജയ് മല്യയുടെ യുണൈറ്റഡ് ബ്രിവറീസ് ലിമിറ്റഡിന് തുച്ഛവിലയ്ക്ക് പതിച്ചുനല്കിയതിന് പിന്നില്‍ കൂറ്റന്‍ അഴിമതിയാണെന്നും പിണറായി ആരോപിച്ചു. ആ പ്രദേശത്തെ നടപ്പ് വില സെന്റിന് ആറുലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയാണ്. അത് കണക്കാക്കിയാല്‍ 120 മുതല്‍ 200 കോടി രൂപവരെ വിലമതിക്കുന്ന ഭൂമി 14,03,26,576 രൂപയ്ക്കാണ് കൈമാറിയത്. യു ഡി എഫിന്റെ മദ്യനയം തികഞ്ഞ കാപട്യമാണ് എന്ന് ഈ ഇടപാടില്‍ നിന്ന് വ്യക്തമാകുന്നതായും പിണറായി ആരോപിക്കുന്നു.
വന്‍കിട ഡിസ്ടിലറി തുടങ്ങാന്‍ സര്‍ക്കാര്‍ വക സ്ഥലവും വഴിവിട്ട സൗകര്യവും നല്‍കുന്നവര്‍ എങ്ങനെയാണ് മദ്യനിരോധനം നടപ്പാക്കുക? മദ്യ നിരോധം നയമാണ് എന്ന് 2011 ലെ പ്രകടന പത്രികയില്‍ തന്നെ ഉറപ്പിച്ചിരുന്നു എന്ന് അവകാശപ്പെടുന്നവര്‍ എന്ത് മാനദണ്ഡം വെച്ചാണ് 2013 ല്‍ ഡിസ്ടിലറിക്ക് ഭൂമി കൊടുത്തത്? ആയിരക്കണക്കിന് ഭൂരഹിതര്‍ കൂര വെക്കാന്‍ ഒരു തുണ്ട് ഭൂമിക്കായി അപേക്ഷ നല്കി കാത്ത് നില്ക്കുമ്പോള്‍ മദ്യരാജാവിന് 20 ഏക്കര്‍ ഭൂമി പതിച്ചുനല്കിയതിന്എന്ത് ന്യായീകരണമാണ് ഉമ്മന്ചാണ്ടിക്ക് പറയാനുള്ളതെന്നും പിണറായി ചോദിക്കുന്നു.
ബാര്‍കോഴ മാത്രമല്ല, മദ്യ വ്യവസായവുമായി ബന്ധപ്പെട്ടു അനേക കോടികളുടെ മറ്റു കോഴ ഇടപാടും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയിട്ടുണ്ട് എന്നതിന് തെളിവാണ് ഈ ഭൂമി ദാനമെന്നും പിണറായി പറയുന്നു. ഒരുഭാഗത്ത് മദ്യ വിരോധ പ്രസംഗം, മറുഭാഗത്ത് പുതിയ പഞ്ച നക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ്, വേറൊരു ഭാഗത്ത് വിദേശ മദ്യ ഫാക്ടറി തുടങ്ങാന്‍ ഭൂമിദാനംഈ തട്ടിപ്പ് അധിക കാലം തുടരാമെന്ന് ഉമ്മന്‍ചാണ്ടി കരുതരുത്. ഇതിനെതിരായ ജനങ്ങളുടെ രൂക്ഷമായ പ്രതികരണമാണ് തെരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ അന്ത്യം കുറിക്കുകയെന്നും പിണറായി മുന്നറിയിപ്പ് നല്‍കുന്നു.