Pinarayi statement-Kannur,karuna medical colleges

കോഴിക്കോട്: കണ്ണൂര്‍, കരുണ, കെഎംസിടി കോളേജുകള്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയിട്ടുണ്ടെന്നും കോടതി നടപടിയെ കോടതി വഴി മാത്രമെ തിരുത്തിക്കാന്‍ സാധിക്കുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

അവര്‍ വാങ്ങുന്ന ഫീസ് നിരക്കുകള്‍ അധികമാണെന്ന് തന്നെയാണ് സര്‍ക്കാരിന്റെയും നിലപാട്. ആ ഫീസ് നിരക്കുകള്‍ അനുവദിക്കാന്‍ പറ്റില്ലെന്നും ഇക്കാര്യം വിശദമാക്കി സര്‍ക്കാര്‍ അതിനെതിരെ കോടതിയില്‍ പോകുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

കരുണ, കണ്ണൂര്‍ എന്നീ മെഡിക്കല്‍ കോളെജുകള്‍ക്ക് ജെയിംസ് കമ്മിറ്റി നിര്‍ദേശിച്ച 4.4 ലക്ഷം എന്ന ഫീസ് മറികടന്നാണ് ഹൈക്കോടതി പ്രോസ്‌പെക്ടസില്‍ അനുവദിച്ച ഫീസുകള്‍ വാങ്ങാന്‍ അനുവാദം നല്‍കിയത്. ഇതിനെതിരെ സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇപ്പോഴത്തെ ഫീസ് നിരക്കുകള്‍ അധികമാണെന്നും അത് അനുവദിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി കോടതിയില്‍ പോയത് സര്‍ക്കാരാണെന്നും പിണറായി ചൂണ്ടിക്കാട്ടി.

പ്രതിപക്ഷം നടത്തുന്ന സമരത്തെയും പിണറായി ഇക്കാര്യം ചൂണ്ടിക്കാട്ടി പരിഹസിച്ചു. രണ്ടരലക്ഷം ഫീസ് വാങ്ങുന്നത് കടുത്ത കൈയാണെന്ന് പറയുന്നവര്‍ ഈ മൂന്നു മെഡിക്കല്‍ കോളേജുകള്‍ സ്വയം ഈടാക്കുന്ന പത്തുലക്ഷത്തെക്കുറിച്ച് മിണ്ടുന്നതേയില്ലെന്നും പിണറായി വിമര്‍ശിച്ചു.

Top