തിരുവനന്തപുരം: ആര്‍.ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയതിനെതിരെ സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്.
ചടങ്ങില്‍ നിന്ന് ഒഴിവാക്കുംവിധം ഉമ്മന്‍ ചാണ്ടിയുടെ അയോഗ്യത തെളിയിക്കുന്ന രഹസ്യമായ എന്തു തെളിവാണ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത് എന്ന് അറിയാന്‍ ജനങ്ങള്‍ക്കാകെ ആഗ്രഹമുണ്ടെന്ന് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അയിത്തം കല്‍പ്പിക്കുന്ന നരേന്ദ്രമോഡി മൈക്രോഫിനാന്‍സ് തട്ടിപ്പുകേസിലെ പ്രതിയുമായാണ് വേദി പങ്കിടുന്നതെന്നും പിണറായി പറഞ്ഞു.
ഉമ്മന്‍ ചാണ്ടി കേരളത്തെ അപമാനിക്കുമ്പോള്‍ വെള്ളാപ്പള്ളി നടേശന്‍ ശ്രീനാരായണ ഗുരുവിനെ അവഹേളിക്കുന്നു. വര്‍ഗീയതയ്ക്കും അതിന്റെ കുടിലതകള്‍ക്കും വിനീതവിധേയമായി കീഴടങ്ങിയതിന്റെ കൂലിയാണ് ഉമ്മന്‍ ചാണ്ടിക്ക് കിട്ടുന്നതെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം…
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യാണ് ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് ഔദ്യോഗികമായി കത്തയച്ചത്. ആ ക്ഷണപ്രകാരം കേരളത്തില്‍ എത്തുന്ന മോഡി അതേ മുഖ്യമന്ത്രി തന്നോടൊപ്പം വേദി പങ്കിടേണ്ടതില്ല എന്നു തീരുമാനിച്ചതിനു പിന്നിലെ കാരണം എന്താണ്? ഉമ്മന്‍ ചാണ്ടിയുടെ അയോഗ്യത തെളിയിക്കുന്ന രഹസ്യമായ എന്തു തെളിവാണ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത് എന്ന് അറിയാന്‍ ജനങ്ങള്‍ക്കാകെ ആഗ്രഹമുണ്ട്. മുഖ്യമന്ത്രിയെ അയിത്തം കല്‍പിച്ച് മാറ്റിനിര്‍ത്തുന്ന പ്രധാനമന്ത്രി മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസിലെ പ്രതിയുമായാണ് വേദി പങ്കിടുന്നത്. ഉമ്മന്‍ ചാണ്ടി കേരളത്തെ അപമാനിക്കുമ്പോള്‍ വെള്ളാപ്പള്ളി നടേശന്‍ ശ്രീനാരായണ ഗുരുവിനെ അവഹേളിക്കുന്നു. ഇത്തരം ഹീനമായ കളികള്‍ക്ക് ശ്രീനാരായണ ഗുരുവിന്റെ പേരും പാരമ്പര്യവും ഉപയോഗിക്കുന്ന വെള്ളാപ്പള്ളിയെ തുറന്നു കാട്ടാനും വെള്ളാപ്പള്ളിയു.ടെ മറവില്‍ വര്‍ഗീയ അജണ്ട നടപ്പാക്കുന്ന ആര്‍ എസ് എസിനെ ഒറ്റപ്പെടുത്താനും ശ്രീനാരയണീയര്‍ മുന്നില്‍ നില്‍ക്കണം. വെള്ളാപ്പള്ളിയുടെ വര്‍ഗീയ വിദ്വേഷ പ്രചാരണത്തിനെതിരെ യഥാവിധി നിയമ നടപടി എടുക്കാതെ ഒളിച്ചുകളിച്ച യുഡിഎഫ് സര്‍ക്കാരിന്റെ ദൗര്‍ബല്യമാണ് ഈ ദുരവസ്ഥ സൃഷ്ടിച്ചത്. വര്‍ഗീയതയ്ക്കും അതിന്റെ കുടിലതകള്‍ക്കും വിനീതവിധേയമായി കീഴടങ്ങിയതിന്റെ കൂലിയാണ് ഉമ്മന്‍ ചാണ്ടിക്ക് കിട്ടുന്നത്.