തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പി ടി തോമസ് എം.എല്‍.എയ്‌ക്കെതിരെയുള്ള പരമാര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷം.
പി ടി തോമസിന് സ്ഥലജലവിഭ്രമം ഉണ്ടായെയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിലാണ് പ്രതിപക്ഷം പ്രകോപിതരായി. മാന്യമായ രീതിയില്‍ സംസാരിക്കാന്‍ മുഖ്യമന്ത്രി ശീലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം അനുമതി നേടിയതിനെ തുടര്‍ന്നുള്ള ചര്‍ച്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശവും പ്രതിപക്ഷത്തിന്റെ രോഷപ്രകടനവും സഭയില്‍ അരങ്ങേറിയത്.
മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്ഥലംമാറ്റം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പിടി തോമസാണ് അവതരിപ്പിച്ചത്.
സ്വാഭാവിക രീതിയിലുള്ള സ്ഥലംമാറ്റം മാത്രമാണ് നടന്നിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു. കൂടാതെ അന്യായമായ നടപടി ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നുംപിണറായി അറിയിച്ചു.
മുഖ്യമന്ത്രിയുടെ മറുപടി കണക്കിലെടുത്ത് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു.
മുഖ്യമന്ത്രി പറയുന്നതു പോലെയല്ല കാര്യങ്ങളെന്നും വ്യാപകമായ സ്ഥലം മാറ്റം നടന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.എന്നാല്‍ മുഖ്യമന്ത്രി വാക്ക് നല്‍കിയതിനാല്‍ സഭയില്‍ നിന്ന് ഇറങ്ങിപോകുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.