പിണറായി സർക്കാറിനെതിരായ പോരാട്ടം ഐ.പി.എസുകാരെയും പഠിപ്പിക്കുന്നു . . . !

പിണറായി സര്‍ക്കാറിനെ പഠിപ്പിച്ച പാഠം രാജ്യത്തെ ഐ.പി.എസുകാരെ പഠിപ്പിക്കാന്‍ മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാറിനെ നിയോഗിച്ച് കേന്ദ്രം.

കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ നേരിട്ടു കീഴില്‍ വരുന്ന രാജ്യത്തെ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ പഠനകേന്ദ്രമായ ഹൈദരാബാദ് നാഷണല്‍ പൊലീസ് ട്രെയിനിങ് അക്കാദമിയിലാണ് സെന്‍കുമാര്‍ ക്ലാസ്സ് എടുക്കുന്നത്.

കേരളത്തില്‍ നിന്നുള്ള ചില ഐ.പി.എസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ റാങ്കിലുള്ള നൂറ് കണക്കിന് ഐ.പി.എസ് ഉദ്യോഗസ്ഥരും ട്രെയിനിങ്ങിന്റെ ഭാഗമായി ഹൈദരാബാദില്‍ എത്തിയിട്ടുണ്ട്. പുതിയ ഐ.പി.എസ് ബാച്ചിന് പുറമെയാണ് എംസിറ്റിപി പരിശീലനത്തിന്റെ ഭാഗമായി മറ്റു ഉദ്യോഗസ്ഥരും എത്തിയിരിക്കുന്നത്.

രാജ്യത്ത് കമ്യൂണിസ്റ്റുകള്‍ നേതൃത്വം നല്‍കുന്ന ഭരണമുള്ള ഏക സംസ്ഥാനമായ കേരളത്തില്‍ ഒരു ഐ.പി.എസ് ഓഫീസര്‍ പൊരുതി നേടിയ നേട്ടം ഐ.പി.എസ് ഓഫീസര്‍മാര്‍ക്ക് പകര്‍ന്ന് നല്‍കുകയാണ് സെന്‍കുമാറിനെ പൊലീസ് അക്കാദമി ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം. കേന്ദ്രത്തിന്റെ അനുമതിയോടെ തന്നെയാണ് സെന്‍കുമാറിനെ അക്കാദമി അധികൃതര്‍ ക്ഷണിച്ചിരിക്കുന്നത്.

ബി.ജെ.പി അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അമിത് ഷായെ തലസ്ഥാനത്ത് ചെന്ന് സെന്‍കുമാര്‍ സന്ദര്‍ശിച്ചത് അദ്ദേഹത്തിന് പുതിയ സ്ഥാനലബ്ദിക്ക് സാധ്യത ഉണ്ടെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് സെന്‍കുമാര്‍ ക്ലാസ്സ് എടുക്കുന്നതിനായി ഹൈദരാബാദിലേക്ക് തിരിച്ചത്.

രണ്ടു വര്‍ഷ കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് ക്രമസമാധാന ചുമതലയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റരുതെന്ന സുപ്രീം കോടതി ഉത്തരവ് പിണറായി സര്‍ക്കാര്‍ ലംഘിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഡി.ജി.പി സ്ഥാനത്ത് നിന്നും തെറിച്ച സെന്‍കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

senkumar

പ്രശ്‌നത്തില്‍ വിശദമായ വാദം കേട്ട സുപ്രീം കോടതി സെന്‍കുമാറിനെ തിരിച്ച് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് നിയമിക്കാന്‍ ഉത്തരവിടുകയായിരുന്നു. രാജ്യത്തെ പൊലീസ് സേനയെ ഏറെ അത്ഭുതപ്പെടുത്തിയ ഉത്തരവായിരുന്നു അത്.

ഭരണം മാറുമ്പോഴും രാഷ്ട്രീയക്കാരുടെ അനിഷ്ടത്തിന് ഇരയാവുമ്പോഴും നേരിടാറുള്ള സ്ഥലമാറ്റം തടയാന്‍ ഈ ഉത്തരവ് മൂലം കഴിയുമെന്ന ആശ്വാസത്തിലായിരുന്നു ഒരു വിഭാഗം ഉദ്യോഗസ്ഥര്‍.

കേരളത്തില്‍ ഇടതു സര്‍ക്കാറിന്റെ ഭരണകാലത്ത് മാത്രമല്ല, യു.ഡി.എഫ് ഭരണകാലത്തും അടിക്കടി ഐ.പി.എസുകാരെ അന്യായമായി സ്ഥലം മാറ്റിയിട്ടുണ്ട്. ഇപ്പോള്‍ കാസര്‍ഗോഡ് എസ്.പിയായ ഡോ.ബി.ശ്രീനിവാസാണ് ഏറ്റവും അധികം സ്ഥലമാറ്റത്തിന് ഇരയായ ഉദ്യോഗസ്ഥന്‍.

എസ് പി മാരെ കൂട്ടത്തോടെ ആറ് മാസത്തിനുള്ളില്‍ തന്നെ സ്ഥലം മാറ്റിയതിനെതിരെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണില്‍ യുവ ഐ.പി.എസുകാര്‍ ഹര്‍ജിയും നല്‍കുകയുണ്ടായി.

എന്നാല്‍ പിന്നീട് ഇവരില്‍ ചിലര്‍ ഡെപ്യൂട്ടേഷന് പോകുകയും മറ്റുള്ളവര്‍ക്ക് ജില്ലാ പൊലീസ് മേധാവിയായി പുനര്‍ നിയമനം നല്‍കുകയും ചെയ്തതിനാല്‍ തുടര്‍ നടപടി അവസാനിപ്പിക്കുകയായിരുന്നു.

25 ഉം 30 വര്‍ഷം സര്‍വ്വീസ് ബാക്കിയുള്ള ഐ.പി.എസുകാരെ 5 വര്‍ഷം കാലാവധി മാത്രമുള്ള ഭരണകൂടങ്ങള്‍ സ്ഥലം മാറ്റി പീഢിപ്പിക്കുന്നത് വകവെച്ച് കൊടുക്കാന്‍ കഴിയില്ലെന്നതാണ് ഐ.പി.എസുകാരിലെ പൊതുവികാരം. ഇത്തരം നിലപാടുള്ള ഉദ്യോഗസ്ഥര്‍ക്ക് വലിയ ആത്മവിശ്വാസമാണ് സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നത്.

ips

ഐ.പി.എസുകാര്‍ക്ക് സുപ്രീം കോടതി വിധിയെക്കുറിച്ച് അവബോധം ഉണ്ടാക്കുക എന്നതിനോടൊപ്പം കേരളത്തിലെ ഇടതു സര്‍ക്കാര്‍ പൊലീസ് ഉദ്യോഗസ്ഥരോട് പോലും പെരുമാറുന്നത് പകയോടെയാണ് എന്ന് ബോധ്യപ്പെടുത്തുക കൂടി സെന്‍കുമാറിന്റെ സാന്നിധ്യം വഴി കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്.

ഐ.പി.എസുകാര്‍ തലപ്പത്ത് ഇരുന്ന് ഭരിക്കുന്ന സി.ബി.ഐയില്‍ കേന്ദ്ര സര്‍ക്കാര്‍ പിടിമുറുക്കുന്നതിന് തൊട്ട് പിന്നാലെയാണ് ഐ.പി.എസുകാരെ വാര്‍ത്തെടുക്കുന്ന നാഷണല്‍ പൊലീസ് അക്കാദമിയും ഒരു സംസ്ഥാന സര്‍ക്കാറിനെതിരെ നിയമപോരാട്ടം നടത്തിയ മുന്‍ ഡി.ജി.പിയെ തന്നെ ക്ലാസ്സെടുക്കാന്‍ ക്ഷണിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Top