തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കുവാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടാതെ വിമാനത്താവളം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ എടുക്കാനിരിക്കെയാണ് സംസ്ഥാനം എതിര്‍പ്പ് പ്രകടിപ്പിച്ചത്.
തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി എന്റര്‍പ്രൈസസിന് കൈമാറാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരാനിരിക്കെയാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചിരിക്കുന്നത്. അമ്പത് വര്‍ഷത്തെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പ് ലേലത്തിലൂടെ സ്വന്തമാക്കിയിരുന്നു.
അതിനിടെ അന്താരാഷ്ട്ര വിമാനയാത്രാ നിരക്കുകള്‍ കുതിച്ചുയരുന്നത് തടയുവാന്‍ സ്ഥിരം സംവിധാനം വേണമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് ഖരോലയുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.