pinarayi-vijayan-administrative-service

Pinaray vijayan

തിരുവനന്തപുരം: ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുക, തസ്തികകള്‍ ഇല്ലാതാക്കുക തുടങ്ങിയ കാര്യങ്ങളൊന്നും ഈ സര്‍ക്കാരിന്റെ കാലത്തു നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആ നയം പ്രകടനപത്രികയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റലിസത്തിനും ഡിപ്പാര്‍ട്ട്‌മെന്റ് കിടമത്സരത്തിനും സ്ഥാനമില്ലാത്ത രീതിയില്‍ വേണം ഭരണസംവിധാനം ചിട്ടപ്പെടുത്തേണ്ടത്. സര്‍ക്കാര്‍ ഉദ്യോഗം ജനങ്ങളോടുള്ള ചുമതല നിര്‍വഹിക്കുന്നതിന് ഒരവസരമായിട്ടാണു കാണേണ്ടതെന്നും മുഖ്യമന്ത്രി അറിയിച്ചു.

സമഗ്രമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട ഭരണപരിഷ്‌കരണ ശുപാര്‍ശകള്‍ ക്രിയാത്മകമായി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനു പകരം എംജിപി പോലുള്ള പരിപാടികളിലൂടെ സിവില്‍ സര്‍വീസിനെ ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ പലപ്പോഴായി നടപ്പിലാക്കുകയുണ്ടായി. 11,658 തസ്തികകള്‍ വെട്ടിക്കുറച്ചു. ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കി. ഇതിനെതിരെ ജീവനക്കാര്‍ക്കു വലിയ സമരം നടത്തേണ്ടി വന്നിട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ അധ്യക്ഷനായുള്ള ഭരണ പരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടു നടപ്പിലാക്കുമെന്നും അതു സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മേല്‍നോട്ട കമ്മീഷനെ നിയോഗിക്കുമെന്നും പ്രകടന പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്ഥലംമാറ്റത്തിനു മാനദണ്ഡം ആവിഷ്‌ക്കരിക്കുക എന്ന വാഗ്ദാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ശമ്പളപരിഷ്‌കരണം 10 വര്‍ഷത്തിലൊരിക്കല്‍ ആക്കണമെന്ന ശമ്പളപരിഷ്‌കരണ കമ്മീഷന്റെ നിര്‍ദ്ദേശം തള്ളിക്കളയുക എന്ന പ്രകടന പത്രികയില്‍ പറഞ്ഞ കാര്യവും സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രഖ്യാപിച്ച മറ്റു കാര്യങ്ങളും സമയബന്ധിതമായി സര്‍ക്കാര്‍ പൂര്‍ത്തീകരിക്കും. സെക്രട്ടറിയേറ്റ് അടക്കം വരുന്ന തസ്തികകസ്റ്റേറ്റ് സിവില്‍ സര്‍വീസ് കേഡര്‍ രൂപീകരിക്കുമെന്നും അതിനായി സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്തു പൊതുധാരണ ഉണ്ടാക്കുമെന്ന കാര്യവും പ്രകടന പത്രികയില്‍ വ്യക്തമാക്കിയിരുന്നു. അതു നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണു സെക്രട്ടേറിയറ്റ് അടക്കം വരുന്ന സ്റ്റേറ്റ് സിവില്‍ സര്‍വീസ് കേഡര്‍ രൂപീകരിക്കുന്നത്.

യഥാര്‍ഥത്തില്‍ ഏറെ മുമ്പേ കേരളത്തില്‍ ഉയര്‍ന്നു വന്ന നിര്‍ദ്ദേശമാണു സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. മന്ത്രിസഭാ യോഗം കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. അതോടൊപ്പം, അതിന്റെ ബന്ധപ്പെട്ട ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് ഒരു കമ്മിറ്റിക്കും രൂപം കൊടുത്തിട്ടുണ്ടെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

Top