കണ്ണൂര്‍: പട്ടികജാതി വിഭാഗക്കാരോട് ആര്‍എസ്എസിന് കടുത്ത വിരോധമാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ആര്‍എസ്എസിന്റെ പട്ടികജാതി വിരോധത്തിന്റെ ഏറ്റവും വലിയ ഇരയാണ് രോഹിത് വെമുല എന്ന ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയെന്ന് നവകേരള മാര്‍ച്ചിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു.
രോഹിതിനെ ഇല്ലാത്ത കുറ്റം ആരോപിച്ച് പുറത്താക്കാന്‍ തന്നെയായിരുന്നു ആര്‍എസ്എസിന്റെ നീക്കം. കേന്ദ്രസര്‍ക്കാരും കേന്ദ്രമന്ത്രിയും ഇതിനു പിന്തുണ നല്‍കുകയും ചെയ്തു. എത്രമാത്രം ഗുരുതരമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് കാണണം. രോഹിതിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കണം. മാതൃകാപരമായ നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ അവസാനിക്കൂ എന്നും പിണറായി വിജയന്‍ പറഞ്ഞു.
ആര്‍എസ്എസിനെ ശക്തിപ്പെടുത്താന്‍ തുനിഞ്ഞിറങ്ങിയ വെള്ളാപ്പള്ളിയും കൂട്ടരും എന്താണ് ആര്‍എസ്എസിന്റെ പട്ടികജാതി പ്രേമം എന്നു തുറന്നു പറയാന്‍ തയ്യാറാകണം. എന്തു തെറ്റാണ് രോഹിത് വെമുല ചെയ്തതെന്ന് അവന്റെ മരണത്തിന് കാരണക്കാരായവര്‍ തുറന്നു പറയണം.
ഒരിക്കല്‍ എബിവിപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രോഹിതിനെതിരെ സര്‍വകലാശാല അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, അതില്‍ കഴമ്പില്ലെന്നു മനസ്സിലായി. പിന്നീടാണ് കേന്ദ്രസര്‍ക്കാര്‍ തന്നെ ഇടപെട്ട് രോഹിതിനെ പുറത്താക്കിയത്. എന്താണ് ഇത്ര വിരോധം കാണിക്കാനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
എന്തിനാണ് പട്ടികജാതിക്കാരുടെ അവകാശം ഇല്ലാതാക്കുന്നത്. ഇപ്പോള്‍ പട്ടികജാതിക്കാര്‍ക്കു നേരെയുള്ള ആക്രമണങ്ങളുടെ വാര്‍ത്തകള്‍ വര്‍ധിച്ചു വരുകയാണ്. ശാരീരികമായ ആക്രമണം മാത്രമല്ല, അവകാശം നിഷേധിച്ചും ആക്രമണം നടത്തുന്നു. ആര്‍എസ്എസിന്റെ അസഹിഷ്ണുത മുസ്ലിം വിഭാഗത്തിനും ന്യൂനപക്ഷങ്ങള്‍ക്കും എതിരെ മാത്രമല്ല, പട്ടികജാതിക്കാര്‍ക്കു നേരെയും ഉയരുന്നു എന്നതിന്റെ തെളിവാണിതെന്നും പിണറായി വിജയന്‍ പറഞ്ഞു.