പാലക്കാട്: ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിക്കുന്ന പിണറായി വിജയന് തീവ്രവാദി ബന്ധമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍. കോടതി വിധിയുടെ മറവില്‍ ഫെമിനിസ്റ്റ് സംഘടനകളെ മുഖ്യമന്ത്രി ശബരിമലയില്‍ നേരിട്ടെത്തിച്ചുവെന്നും എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.
ശബരിമലയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമനടത്തുകയാണ് പിണറായി വിജയനെന്നും ഇതിനായി തീവ്രവാദികളില്‍ നിന്ന് പിണറായി പണം പറ്റിയെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മകളുടെ പേരിലുള്ള ഐടി കമ്പനിക്ക് ആരാണ് മുതല്‍ മുടക്കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.
അതേസമയം ശബരിമലയില്‍ സമാധാനമുണ്ടാക്കാന്‍ എന്തു ചെയ്യണമെന്ന് സര്‍ക്കാരിന് അറിയാമെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. ശബരിമലയിലുള്ളത് താലിബാന്‍ മോഡല്‍ അക്രമകാരികളാണ് എന്നും സമാധാനം നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് തുടരുന്നതെന്നും ജയരാജന്‍ പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ശാന്തവും സമാധാനവുമായി ശബരിമല ദര്‍ശനം നടന്നു വരികയായിരുന്നു. അതിനെ തകര്‍ക്കാനും കൂടാതെ നഷ്ടപ്പെട്ട് പോയ പ്രതാപം വീണ്ടെടുക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ടോയെന്നുള്ള സംശയവുമാണുള്ളതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു.
മണ്ഡലപൂജ അടുത്ത് വരുന്ന സന്ദര്‍ഭങ്ങളില്‍ സംഘര്‍ഷമുണ്ടാകുന്നത് നല്ല കാര്യമല്ല. സംഘര്‍ഷമുണ്ടാക്കുന്നതിനായി ആക്ടിവിസ്റ്റുകളെ തയാറാക്കി വിടുന്നത് ഏത് കേന്ദ്രത്തില്‍ നിന്നാണെന്നുള്ളത് സര്‍ക്കാര്‍ അന്വേഷിക്കണം.
സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമല ദര്‍ശനത്തിനായി രണ്ട് യുവതികള്‍ എത്തിയിരുന്നു. ഈ വന്ന രണ്ട് യുവതികള്‍ ആക്ടിവിസ്റ്റുകളാണോയെന്ന് അന്വേഷിക്കണം. ഭക്തകളാണെന്ന് വന്നതെന്നുള്ള കാര്യം അവരുടെ ശരീരഭാഷയില്‍ നിന്ന് തോന്നിയില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.