pinarayi-vijayan-answers-questions-raised-oomen-chandy

കാസര്‍കോട്: കേരളത്തിന്റെ ഭാവിക്ക് ഐ.ടി വികസനം പ്രധാനമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. സിപിഎം കമ്പ്യൂട്ടറിനെ എതിര്‍ത്തത് അന്നത്തെ സാമൂഹ്യ ചുറ്റുപാടുകള്‍ കണക്കിലെടുത്താണ്. എന്നാല്‍, മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ കാലത്താണ് തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്ക് സ്ഥാപിച്ചത് എന്ന കാര്യം മറക്കരുത്.

ഇന്നത്തെ അവസ്ഥയില്‍ ഐ.ടി രംഗത്ത് അയല്‍ സംസ്ഥാനങ്ങളുടെ അടുത്തെത്താന്‍പോലും കേരളത്തിന് കഴിയുന്നില്ല. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉത്തരവാദിത്വം മറക്കരുതെന്നും നവകേരള മാര്‍ച്ചിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

സിപിഎം സംഘടിപ്പിച്ച കേരളപഠന കോണ്‍ഗ്രസ് ഈവന്റ് മാനേജ്‌മെന്റുകാരാണ് നടത്തുന്നതെന്ന കോണ്‍ഗ്രസിന്റേയും കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റേയും പ്രസ്താവന അങ്കലാപ്പു കൊണ്ടാണ്.

കേരള പഠന കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എഴുതിയ ലേഖനം പരിതാപകരമാണ്, നാടിന്റെ പ്രശ്‌നങ്ങളാണ് സിപിഎം ഉയര്‍ത്തുന്നത്. തങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങളോട് കോണ്‍ഗ്രസിന്റേയും സര്‍ക്കാരിന്റേയും നിലപാട് എന്താണെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. അല്ലാതെ സിപിഎമ്മിന്റെ യാത്ര കണ്ട് സര്‍ക്കാരും സുധീരനും അനാവശ്യ അങ്കലാപ്പില്‍ ആവേണ്ട കാര്യമില്ലെന്നും പിണറായി വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പോടെ യുഡിഎഫ് തകരും. ഭരണത്തുടര്‍ച്ച പോയിട്ട് യുഡിഎഫിന് ഈനിലയില്‍ തുടരാന്‍ കഴിയുമെന്ന് പോലും കരുതാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോളാര്‍ കേസിലെ അഴിമതി മറയ്ക്കാനാണ് ശ്രമം നടക്കുന്നത്. ജയില്‍ ഡിജിപി ആയിരുന്ന അലക്‌സാണ്ടര്‍ ജേക്കബ് സോളാര്‍ കമ്മിഷനു മുന്നില്‍ പറഞ്ഞതില്‍ നിന്ന് ഇതാണ് വെളിവാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top