പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച സഭാസമ്മേളനം പുനരാരംഭിച്ചു

തിരുവനന്തപുരം: സഭാ സമ്മേളനം പുനരാരംഭിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തി വെച്ചിരുന്നു.

പ്രതിപക്ഷ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവച്ച് സ്പീക്കര്‍ ഇറങ്ങിപ്പോവുകയായിരുന്നു. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗം നീണ്ടുപോയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി 45 മിനിറ്റോളം സംസാരിച്ചത് അസാധാരണ നടപടിയാണെന്നും സഭാ നടപടികള്‍ക്ക് വിരുദ്ധമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. എന്നാല്‍ പറയാനുള്ള ആരോഗ്യം ഉള്ളത് കൊണ്ടാണ് ഇത്രയും നേരം സംസാരിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ ആരോഗ്യം തെളിയിക്കാനുള്ള വേദിയല്ല നിയമസഭയെന്ന് തിരിച്ചടിച്ചായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

ശബരിമല പ്രശ്‌നത്തില്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി. സ്പീക്കറുടെ ഡയസിലേക്ക് ഐ.സി.ബാലകൃഷ്ണനും അന്‍വര്‍ സാദത്തും കയറാന്‍ ശ്രമിച്ചു. ഹൈബി ഈഡനും കെ.എം.ഷാജിയും ഇവരെ ബലം പ്രയോഗിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. ഇവിടെ എന്താണ് നടക്കുന്നത്, ഇങ്ങിനെ സഭ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല എന്ന് പറഞ്ഞ് സ്പീക്കര്‍ സഭ നിര്‍ത്തിവെക്കുകയായിരുന്നു.

Top