കോഴിക്കോട്:എഴുതി നല്‍കുന്ന ചോദ്യങ്ങള്‍ പരിശോധിച്ച ശേഷമേ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിക്കാന്‍ അനുവദിക്കൂ എന്ന നിലപാടുമായി കാലിക്കറ്റ് സര്‍വ്വകലാശാല. നാളെ നടക്കുന്ന സംവാദ പരിപാടിക്കിടെ മുഖ്യമന്ത്രിയോട് വിവാദ ചോദ്യങ്ങള്‍ ചോദിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. തീരുമാനത്തില്‍ പ്രതിഷേധവുമായി കെഎസ്യു രംഗത്തെത്തിയിട്ടുണ്ട്.
മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സംവാദത്തില്‍ ചോദ്യം ചോദിക്കാനൊരുങ്ങിയ വിദ്യാര്‍ത്ഥിയെ മുഖ്യമന്ത്രി വിലക്കിയത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിന് വിവാദ ചോദ്യങ്ങള്‍ പാടില്ലെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പരിപാടിയില്‍ പങ്കെടുത്ത്, ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചാല്‍ മാത്രം മതിയെന്നാണ് സര്‍വകലാശാല അധികൃതരുടെ നിലപാട്. സര്‍വകലാശാല വാട്സ്ആപ്പ് ഗ്രൂപ്പിലെ ഒരു വിദ്യാര്‍ത്ഥിയുടെ ശബ്ദ സന്ദേശമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
സംവാദത്തില്‍ ചോദ്യങ്ങള്‍ ചോദിക്കാനല്ലെങ്കില്‍ പരിപാടി എന്തിനാണെന്നാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ ചോദ്യം. പ്രതിഷേധവുമായി കെഎസ്യു നാളെ സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തും. കാലിക്കറ്റ്, കാര്‍ഷിക, മലയാളം സര്‍വ്വകലാശാലകളിലെയും, കലാമണ്ഡലത്തിലെയും തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളെയാണ് മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.