തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 286ആയി. കാസര്‍കോട് എട്ടുപേര്‍ക്കും ഇടുക്കിയില്‍ അഞ്ചുപേര്‍ക്കും കൊല്ലത്ത് രണ്ടുപേര്‍ക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ക്കുമാണ് വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ചത്.
സംസ്ഥനത്ത് 1,65,934 പേരാണ് നിലവില്‍ നിരീക്ഷണത്തിലാണ്. അതില്‍ 1,65,291 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 8456 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതുവരെ രോഗബാധയുണ്ടായ 200 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. ഏഴു പേര്‍ വിദേശികളാണെന്നും രോഗികളുമായി സമ്പര്‍ക്കം മൂലം 76 പേര്‍ക്ക് രോഗം ബാധിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
എട്ടു ജില്ലകളെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളെയാണ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുള്ളത്.