‘നവകേരള സദസ് കേന്ദ്ര അവഗണനയ്‌ക്കെതിരെ, അതില്‍ കോണ്‍ഗ്രസിന് നീരസം’; മുഖ്യമന്ത്രി

കൊച്ചി : കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ് കേന്ദ്ര അവഗണനയ്‌ക്കെതിരെയാണെന്നും അതില്‍ കോണ്‍ഗ്രസിന് എന്താണ് നീരസമെന്നും മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്ര അവഗണനയെ ചോദ്യം ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി കോണ്‍ഗ്രസിന് കേരള വിരുദ്ധവികാരമാണെന്നും കൊച്ചിയിലെ നവകേരള സദസ്സില്‍ ആരോപിച്ചു.

‘ഈ പരിപാടിയുമായി സഹകരിക്കുന്നില്ല എന്ന് നമ്മുടെ നാട്ടിലെ പ്രതിപക്ഷം പ്രഖ്യാപിക്കുന്ന നിലയുണ്ടായി. ഈ പരിപാടിയില്‍ പ്രതിപക്ഷത്തിന് വിയോജിപ്പുള്ള ഏതുഭാഗമാണ് ഉള്ളതെന്ന് ഇന്നേവരെ പ്രതിപക്ഷത്തിന് ബഹുജനങ്ങളുടെ മുന്നില്‍ പറയാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഞങ്ങള്‍ കണ്ടത് തുടക്കം മുതല്‍ എല്ലായിടങ്ങളിലും ഈ ബഹിഷ്‌കരിച്ചവരുടെ വിവിധ തലങ്ങളിലുള്ള നേതാക്കള്‍ നവകേരള സദസ്സുമായി സഹകരിക്കുന്നതാണ്.’ -പിണറായി വിജയന്‍ പറഞ്ഞു.

അതിനിടെ, എറണാകുളം ജില്ലയിലെ പുത്തന്‍കുരിശില്‍ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. കുന്നത്തുനാട് മണ്ഡലത്തിലെ നവകേരള സദസ്സിനായി കോലഞ്ചേരിയിലേക്ക് പോകുന്ന വഴിയാണ് പുത്തന്‍കുരിശില്‍ വെച്ച് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം അരങ്ങേറിയത്.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. രണ്ട് ബസ് നിറയെ പോലീസാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം ഉണ്ടായിരുന്നത്. വന്‍ പോലീസ് സംഘം ഉണ്ടായിരുന്നതിനാല്‍ സംഘര്‍ഷം രൂക്ഷമായില്ല. കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

Top