തിരുവനന്തപുരം: കൊച്ചി മെട്രോയ്ക്ക് അനുബന്ധമായി വൈദ്യുതി ഉപയോഗിച്ച് ഓടുന്ന ഓട്ടോറിക്ഷകള്‍ സര്‍വീസ് ആരംഭിക്കുന്നതു സംബന്ധിച്ച കരാറില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും (കെഎംആര്‍എല്‍) കൈനറ്റിക് ഗ്രീന്‍ എനര്‍ജി ആന്‍ഡ് പവര്‍ സൊല്യൂഷന്‍സും ഒപ്പുവച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച സൊസൈറ്റിയുടെ സഹകരണത്തോടെയാണ് സര്‍വീസ് നടത്തുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കൊച്ചി മെട്രോയ്ക്ക് അനുബന്ധമായി വൈദ്യുതി ഉപയോഗിച്ച് ഓടുന്ന ഓട്ടോറിക്ഷകൾ സർവീസ‌് ആരംഭിക്കുന്നതു സംബന്ധിച്ച കരാറിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും (കെഎംആർഎൽ) കൈനറ്റിക‌് ഗ്രീൻ എനർജി ആൻഡ‌് പവർ സൊല്യൂഷൻസും ഒപ്പുവച്ചു. പ്രകൃതിസൗഹൃദ ഗതാഗതമാർഗങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ‌് വൈദ്യുതി ഓട്ടോകൾ ഏർപ്പെടുത്തുന്നത‌്. ഡ്രൈവർമാർക്ക‌് പരിശീലനം നൽകിയശേഷമാകും സർവീസ‌് ആരംഭിക്കുക.
ആദ്യഘട്ടത്തിൽ 20 ഓട്ടോകളാണ‌് ഉണ്ടാകുക. ആലുവ, കളമശേരി, ഇടപ്പള്ളി, കലൂർ, എംജി റോഡ‌്, മഹാരാജാസ‌് സ‌്റ്റേഷനുകൾ കേന്ദ്രീകരിച്ചാകും ഇവയുടെ സർവീസ‌്. ഒരുതവണ ചാർജ‌് ചെയ‌്താൽ 70 കിലോമീറ്റർവരെ ഓട്ടോ ഓടും. മൂന്നുവർഷത്തേക്കാണ‌് കൈനറ്റിക്കിന‌് ലൈസൻസ‌് നൽകിയിരിക്കുന്നത‌്. ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ സംഘടനകൾചേർന്ന‌് രൂപീകരിച്ച സൊസൈറ്റിയുടെ സഹകരണത്തോടെയാണ‌് സർവീസ‌് നടത്തുന്നത‌്. യാത്രക്കാരുടെ സുരക്ഷയ‌്ക്കായി ജിപിഎസ‌് സംവിധാനവും ഓട്ടോകളിൽ ഏർപ്പെടുത്തിയിട്ടുണ്ട‌്. മെട്രോയുടെ ഫീഡർ സർവീസെന്ന‌് സൂചിപ്പിക്കുന്ന സ‌്റ്റിക്കർ ഓട്ടോകളിൽ ഉണ്ടാകും.