തിരുവനന്തപുരം: മന്ത്രിസഭ അംഗീകരിച്ച പരിസ്ഥിതി ധവളപത്രത്തെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ”പരിസ്ഥിതി സൗഹാര്‍ദപരമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനുളള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് പരിസ്ഥിതിയുടെ സവിശേഷതകള്‍ മനസ്സിലാക്കണം. പരിസ്ഥിതിക്കുണ്ടായ ആഘാതം എത്രത്തോളമുണ്ടെന്ന് പഠിക്കണം. പാരിസ്ഥിതിക സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എതൊക്കെ മേഖലകളില്‍ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും തീരുമാനിക്കണം. ഇതു സംബന്ധിച്ച് അര്‍ഥവത്തായ ചര്‍ച്ചയ്ക്ക് ധവളപത്രം വഴി തുടക്കം കുറിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു”-അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സാമ്പത്തിക വികസനം, സാമൂഹിക വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവ സന്തുലിതമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഉടന്‍ തന്നെ ധവളപത്രത്തിന്റ തുടര്‍ച്ചയായി പ്രവര്‍ത്തന പദ്ധതി ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഖരമാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.