തിരുവനന്തപുരം:സംസ്ഥാനത്ത് അതിരൂക്ഷമായ പ്രളയക്കെടുതി തുടരുകയാണ്. വൈദ്യുതി തടസങ്ങള്‍ ഉണ്ടായത് പരിഹരിക്കാന്‍ നടപടിയെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തടസപ്പെടാതിരിക്കാന്‍ മൊബൈല്‍ കമ്പനികളുടെ യോഗം വിളിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഇന്ന് മാത്രം സംസ്ഥാനത്ത് മഴക്കെടുതിയില്‍ 33 പേര്‍ മരിച്ചു. തൃശ്ശൂര്‍ ചെറുതുരുത്തി കൊറ്റമ്പത്തൂരില്‍ ഉരുള്‍പൊട്ടി 3 പേരെ കാണാതായി. മലപ്പുറത്ത് മൂന്ന് പേര്‍ മരിച്ചു. പലരുടെയും രണ്ടാം നിലയിലടക്കം വെള്ളം കയറിയിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങള്‍ ഒറ്റപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ ഓരോ ജില്ലകളിലും കുടുങ്ങിയിരിക്കുകയാണ്. ഒരുപാട് പേര്‍ ഫെയ്‌സ്ബുക്കില്‍ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ലൈവില്‍ എത്തുന്നുണ്ട്. കണ്ണൂര്‍ അമ്പത്തോട് വനത്തില്‍ വീണ്ടും ഉരുള്‍ പൊട്ടി. പുഴകള്‍ക്ക് സമീപത്തുള്ള ആളുകള്‍ എത്രയും വേഗം സുരക്ഷിത സ്ഥാനത്തേയ്ക്ക് എത്തണമെന്ന് നിര്‍ദ്ദേശമുണ്ട്.
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്:
വൈദ്യുതി തടസ്സങ്ങൾ ഉണ്ടായത് പരിഹരിക്കാൻ നടപടിയെടുക്കുന്നുണ്ട്. അപകടസാധ്യതയില്ല എന്നുറപ്പുവരുത്തിയാണ് പുന:സ്ഥാപിക്കുന്നത്. വാർത്താവിനിമയ സംവിധാനങ്ങൾ തടസ്സപ്പെടുത്താതിരിക്കാൻ മൊബൈൽ കമ്പനികളുടെ യോഗം വിളിക്കും. ബോട്ടുകൾക്കും മറ്റുമായി ഇന്ധനലഭ്യത ഉറപ്പാക്കാൻ പെട്രോളിയം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.