Pinarayi vijayan-facebook-smartcity

തിരുവനന്തപുരം: കൊച്ചി സ്മാര്‍ട്‌സിറ്റിയെ പലവക കച്ചവടത്തിനുള്ള കമ്പോള സ്ഥലമാക്കി സംസ്ഥാന സര്‍ക്കാര്‍ മാറ്റിയെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍.

ഐടി മേഖലയിലെ കുതിച്ചു ചാട്ടത്തിന് രൂപപ്പെടുത്തിയ പദ്ധതി ഇത്തരത്തിലാക്കിയത് ജനങ്ങളോട് ചെയ്യുന്ന കൊടും വഞ്ചനയാണ്. നിരവധി യുവാക്കള്‍ രാജ്യത്തിന് പുറത്തുപോയി പണിയെടുക്കുമ്പോഴാണ് ഇവിടെ ഈ തട്ടിപ്പ് അരങ്ങേറുന്നതെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.

തൊഴിലവസരവും സംസ്ഥാനത്തിന്റെ പുരോഗതിയുമല്ല സര്‍ക്കാരിന്റെ ലക്ഷ്യം. കാലാവധി തീരും മുമ്പ് ഉദ്ഘാടന മാമാങ്കം നടത്തി മേനി നടിക്കാനാണ് സര്‍ക്കാരിന് വ്യഗ്രതയെന്നും ഇത് ജനങ്ങളെയാകെ വഞ്ചിച്ചു കൊണ്ടാണെന്നും പിണറായി ആരോപിച്ചു.

(പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ വായിക്കാം…)

കൊച്ചി സ്മാര്‍ട് സിറ്റി ഐ ടി മേഖലയിലെ കുതിച്ചു ചാട്ടത്തിന് രൂപപ്പെടുത്തിയ സ്വപ്ന പദ്ധതി എന്നതില്‍ നിന്ന് പലവക കച്ചവടത്തിനുള്ള കമ്പോള സ്ഥലമാക്കി മാറ്റിയത് ജനങ്ങളോടുള്ള കൊടും വഞ്ചനയാണ്. ഐ ടി രംഗത്ത് വൈദഗ്ധ്യമുള്ള പതിനായിരക്കണക്കിന് മലയാളി യുവജനങ്ങള്‍ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തു പോയി തൊഴിലെടുക്കാന്‍ നിര്‍ബന്ധിതരാകുമ്പോഴാണ് ഇവിടെ ഈ തട്ടിപ്പ്.

സ്മാര്‍ട് സിറ്റിയില്‍ പ്രാമുഖ്യം ഐ ടി കമ്പനികള്‍ക്കാണ് നല്‍കേണ്ടത്. തൊഴിലവസരവും സംസ്ഥാനത്തിന്റെ പുരോഗതിയുമാണ് ഉറപ്പാക്കേണ്ടത്. എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അതിനല്ല തയാറാകുന്നത് എന്ന്ശനിയാഴ്ച ആദ്യകെട്ടിടം ഉദ്ഘാടനം നടത്തിയതുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ വ്യക്തമാകുന്നു, ആറരലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ പുതിയ ഒരു ഐടി സംരംഭം പോലുമില്ല. അന്താരാഷ്ട്രനിലവാരമുള്ള കമ്പനികളുമില്ല. സ്മാര്‍ട്ട്‌സിറ്റിയിലേക്ക് അന്താരാഷ്ട്ര ഐടി കമ്പനികളെ ക്ഷണിച്ചുകൊണ്ടുവന്ന് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം അട്ടിമറിച്ചു. എല്‍ഡിഎഫ് ഐ ടി മേഖലയില്‍ നടത്തിയ മാതൃകാപരമായ ഇടപെടലില്‍ നിന്നുള്ള തിരിച്ചു പോക്കാണിത്.

ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോപാര്‍ക്ക് സ്ഥാപിച്ചത് ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. സ്മാര്‍ട്ട്‌സിറ്റിയും ഇന്‍ഫോപാര്‍ക്കും ആരംഭിച്ചതും ഇടതുപക്ഷ സര്‍ക്കാരാണ്. അവയിലെ തൊഴിലവസരങ്ങളും സാധ്യതകളും തുടര്‍ന്നുഭരിച്ച യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. സര്‍ക്കാരിന്റെ കാലാവധി തീരുംമുമ്പ് ഉല്‍ഘാടന മാമാങ്കം നടത്തി മേനി നടിക്കാനുള്ള വ്യഗ്രത മനസ്സിലാക്കാം. അത് ജനങ്ങളെയാകെ വഞ്ചിച്ചു കൊണ്ടാകുന്നു എന്നതാണ് ഇവിടത്തെ പ്രശ്‌നം. നമ്മുടെ യുവ സമൂഹത്തിന്റെ പ്രത്യാശകളും അവകാശങ്ങളും ചവിട്ടിമെതിച്ച് . അതാണ് ഐടി വികസനം എന്ന് കൊട്ടിഘോഷിക്കുന്ന സര്‍ക്കാരിന്റെ കപടുഖമാണ് സ്മാര്‍ട് സിറ്റിയുടെ പേരില്‍ നടക്കുന്ന ആഘോഷത്തില്‍ തെളിഞ്ഞു കാണുന്നത്.

Top