തിരുവനന്തപുരം: കുടുംബശ്രീയുടെ ലോഗോ മാറ്റിയതിനെതിരെ സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍.
‘കുടുംബശ്രീ ലോഗോ മാറ്റി താമരയാക്കാന്‍ നേതൃത്വം നല്കിയ കരങ്ങള്‍ ആരുടെതാണ് എന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. എന്തിന് ലോഗോ മാറ്റി?, ആരാണ് പുതിയ ലോഗോ വരച്ചത്?, ഈ മാറ്റത്തിന് ചെലവാകുന്ന പണം എത്ര?, ആരാണ് പുതിയ ലോഗോ അംഗീകരിച്ചത് ? ‘ പിണറായി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
മൂന്നു പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന ലോഗോയ്ക്ക് പകരം താമരപ്പൂവിനെയാണ് കുടുംബശ്രീ മിഷന്‍ പ്രതിഷ്ഠിച്ചത്. ഇനിമുതല്‍ പുതിയ ലോഗോ ഉപയോഗിച്ചാല്‍ മതിയെന്ന് സാമൂഹ്യനീതിവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ മിഷന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. അങ്കമാലി ആഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന പഞ്ചായത്ത് ദിനാഘോഷച്ചടങ്ങിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് താമര അടങ്ങിയ പുതിയ ലോഗോ പ്രകാശനം ചെയ്തത്. നിലവിലെ ലോഗോ ഉപേക്ഷിക്കുന്നതിന് ഉപോല്‍ബലകമായ കാരണങ്ങള്‍ ഒന്നും കുടുംബശ്രീ അധികൃതര്‍ പറയുന്നില്ല.
ലോഗോയിലെ മാറ്റത്തെക്കുറിച്ച് കൃത്യമായ മറുപടി കുടുംബശ്രീയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും നല്‍കാനില്ല.
(പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം…)
കുടുംബശ്രീ ലോഗോ മാറ്റി താമര ആക്കാന്‍ നേതൃത്വം നല്കിയ കരങ്ങള്‍ ആരുടെതാണ് എന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്.
എന്തിന് ലോഗോ മാറ്റി?
ആരാണ് പുതിയ ലോഗോ വരച്ചത്?
ഈ മാറ്റത്തിന് ചെലവാകുന്ന പണം എത്ര?
ആരാണ് പുതിയ ലോഗോ അംഗീകരിച്ചത് ?
കാല്‍ ലക്ഷത്തിലേറെ കുടുംബ ശ്രീ ഉല്‍പന്നങ്ങള്‍ നേരത്തെ ഉള്ള ലോഗോയുമായാണ് വിപണിയില്‍ എത്തിയത്. ആ ലോഗോയ്ക്ക് എന്താണ് അപാകത?
ഉമ്മന്‍ചാണ്ടി സ്വയം മുന്‌കൈ എടുത്ത് കുടുംബശ്രീയെ താമര ചൂടിച്ചതിനു പിന്നിലെ രാഷ്ട്രീയം മനസ്സിലാക്കാന്‍ പറ്റുന്നവരാണ് ജനങ്ങള്‍ എന്ന് ബോദ്ധ്യമുണ്ടായാല്‍ നല്ലത്.