കണ്ണൂര്‍; ആര്‍എസ്എസ് പ്രചാരകന്റെ ആഹ്വാനം നടപ്പാക്കുകയായിരുന്നു പിണറായിയിലുമെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ധര്‍മ്മടത്ത് സിപിഎമ്മിന്റെ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ച സംഭവത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഫ്‌ളക്‌സുകള്‍ നശിപ്പിച്ചതു കൊണ്ടൊന്നും ഇടതുമുന്നണിയുടെ പ്രചാരണം തടയാനാകില്ല. സിപിഎമ്മിന്റെ പ്രചാരണ ബോര്‍ഡിനു നേരെ നീളാന്‍ ശക്തിയുള്ള കൈകളൊന്നും ഇവിടെയില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. നശിപ്പിക്കപ്പെട്ട ബോര്‍ഡുകള്‍ ഇന്നു വൈകുന്നേരത്തോടെ പുനഃസ്ഥാപിക്കുമെന്നും പിണറായി പറഞ്ഞു.
ധര്‍മ്മടത്ത് പിണറായി വിജയന്റെ വീടിനു സമീപത്തു വച്ചിരുന്ന ഫ്‌ളക്‌സുകളാണ് അജ്ഞാതര്‍ തീയിട്ടു നശിപ്പിച്ചത്. ഇന്നു പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. ടൗണില്‍ സ്ഥാപിച്ച 300 മീറ്റര്‍ നീളത്തിലുള്ള ചരിത്രം പറയുന്ന ബോര്‍ഡാണു നശിപ്പിച്ചത്.
ഏഴോളം പേരോളം അടങ്ങുന്ന സംഘമാണു ബോര്‍ഡുകള്‍ നശിപ്പിച്ചെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തിനുപിന്നില്‍ ബിജെപി ആണെന്നാണു സിപിഎം ആരോപിക്കുന്നത്.