ശബരിമല; നിലപാടില്‍ മാറ്റമില്ല, പ്രചാരണങ്ങളെ പ്രതിരോധിക്കാനായില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കും. കോടതി മറിച്ച് വിധിച്ചാല്‍ ആ വിധിയായിരിക്കും നടപ്പാക്കുക. സര്‍ക്കാരിനെതിരായ പ്രചാരണങ്ങളെ വേണ്ട രീതിയില്‍ പ്രതിരോധിക്കാനായില്ല. വിധി മാറ്റുവാന്‍ നിയമം കൊണ്ടു വരുമെന്ന് പറഞ്ഞവരെ വിശ്വസിച്ചവരാണ് വഞ്ചിക്കപ്പെട്ടത്, മുഖ്യമന്ത്രി പറഞ്ഞു.

പ്രളയ ദുരന്തത്തില്‍ നിലവിലെ നിര്‍മ്മാണ രീതികള്‍ മാറണമെന്നും പ്രീ ഫ്രാബ്രിക്കേറ്റഡ് നിര്‍മ്മാണ രീതി ഉപയോഗിക്കുമെന്നും ലൈഫ് മിഷന്‍ പദ്ധതിയില്‍ പുതിയ രീതി ആലോചിക്കുമെന്നും പുതിയ രീതി സ്വീകരിക്കാന്‍ മലയാളിയുടെ മനോഭാവം മാറേണ്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തുഷാറിന്റെ കാര്യത്തില്‍ ഇടപെട്ടത് വ്യക്തിപരമായിട്ടല്ലെന്നും നിയമപരമായി ചെയ്യാന്‍ പറ്റുന്നത് ചെയ്യണമെന്നാണ് പറഞ്ഞതെന്നും ജയിലില്‍ കഴിയുന്നവര്‍ക്ക് വേണ്ടി മുമ്പും ഇടപെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ശംഖുമുഖത്ത് ആത്മഹത്യ ചെയ്യാന്‍ കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ മരണപ്പെട്ട ലൈഫ് ഗാര്‍ഡ് ജോണ്‍സണ്‍ ഗബ്രിയേലിന്റെ കുടുംബത്തിന് സഹായം നല്‍കുവാനും സര്‍ക്കാര്‍ തീരുമാനിച്ചു. ജോണ്‍സന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.

Top