ആലപ്പുഴ: വനിതാമതിലിന്റെ ആലപ്പുഴ ജില്ലയിലെ സംഘാടക സമിതിയുടെ മുഖ്യരക്ഷാധികാരി സ്ഥാനത്തു നിന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ മാറ്റി.
തന്റെ അനുമതി കൂടാതെ പ്രധാന ചുമതല നൽകിയതിനെതിരെ ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ആലപ്പുഴ ജില്ലാ കളക്ടറെ ഫോണിൽ വിളിച്ച് ചെന്നിത്തല വിവരം ചോദിക്കുകയും ചെയ്തിരുന്നു. തുടർന്ന് കളക്ടർ ഇടപെട്ട് ചെന്നിത്തലയുടെ പേര് മുഖ്യ രക്ഷാധികാരിയുടെ സ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയായിരുന്നു.
അതേസമയം,നിയമസഭയിൽ വനിതാ മതിലിനെ ചൊല്ലി ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്ന് നിയമസഭ പിരിഞ്ഞിരുന്നു. പ്രസംഗത്തിനിടെ വർഗീയ മതിൽ ജനം പൊളിക്കുമെന്ന എം.കെ.മുനീറിന്റെ പ്രസ്ഥാവനയെ വിമർശിച്ച് ഭരണപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങിയിരുന്നു.
മുനീർ പ്രസ്താവന പിൻവലിക്കണമെന്ന ആവശ്യമുന്നയിച്ചാണ് ഭരണപക്ഷം രംഗത്തെത്തിയത്. എന്നാൽ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായി എം.കെ.മുനീർ വ്യക്തമാക്കി. തുടർന്നാണ് നിയമസഭ നിർത്തി വെച്ചത്.