ഹരിപ്പാട്: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ സംസ്ഥാനത്തിന്റെ കടബാധ്യത 1,57,370 കോടി രൂപയായിരുന്നു. ഇപ്പോഴത്തെ കടബാധ്യതയാകട്ടെ 3,21,000 കോടി കവിഞ്ഞിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊള്ളരുതായ്മകൾ ഒരുപാട് ചെയ്തു കൂട്ടിയതു കൊണ്ടാണ് പിണറായി വിജയൻ ബോംബെന്ന് പറഞ്ഞ് പേടിച്ചു നടക്കുന്നതെന്നും ചെന്നിത്തല സമൂഹമാധ്യമത്തിലെ കുറിപ്പിൽ പരിഹസിച്ചു.
“കൊള്ളരുതായ്മകള്‍ ഒരുപാട് ചെയ്തു കൂട്ടിയിട്ടുണ്ട് അദ്ദേഹം. അതില്‍ ഇനിയും പുറത്തു വരാത്ത പലതുമുണ്ട്. ആ പേടികൊണ്ട് അദ്ദേഹം സ്വയം പറഞ്ഞു നടക്കുന്നതാണ് ബോംബ്. അല്ലാതെ പ്രതിപക്ഷം പറഞ്ഞതല്ല. ചുമക്കാന്‍ കഴിയാത്ത അതിഭീമമായ കടമാണ് കേരളത്തിന്മേല്‍ ഇടതു സര്‍ക്കാര്‍ വലിച്ചു കയറ്റി വച്ചിരിക്കുന്നത്. ജനങ്ങളെ ഇങ്ങനെ വിഡ്‌ഢികളാക്കാനുള്ള വൈഭവം തോമസ് ഐസക്കിന് മാത്രമേ ഉണ്ടാകൂ. കേരളത്തിന്റെ സാമ്പത്തികനില കുട്ടിച്ചോറാക്കിയത് തോമസ് ഐസക്കിന്റെ ഈ തലതിരിഞ്ഞ വൈഭവമാണ്.” -ചെന്നിത്തല സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ വിശദമാക്കി.