നിപ വൈറസ്; ആശങ്ക വേണ്ട, ഒന്നിച്ച് നിന്നാല്‍ അതിജീവിക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും ഒന്നിച്ച് നിന്നാല്‍ നിപയെ അതിജീവിക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിപയെ കുറിച്ച് വ്യാജവാര്‍ത്ത പരത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും പൂര്‍ണ പിന്തുണ നല്‍കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തെന്നും കേന്ദ്രത്തിനാകുന്ന എല്ലാ സഹായങ്ങളും നല്‍കുമെന്നും ഹര്‍ഷവര്‍ധന്‍ അറിയിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നാണ് മനസിലാകുന്നതെന്നും ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരത്തരുതെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയ്ക്കാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞിരുന്നു.

നാല് പേര്‍കൂടി നിരീക്ഷണത്തിലാണ്. ഒരാളെ ഐസൊലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റി. ചികിത്സയില്‍ ഉള്ള വിദ്യാര്‍ത്ഥിയുടെ സുഹൃത്തും രണ്ടു നഴ്സുമാരുമാണ് നിരീക്ഷണത്തിലുള്ളത്. ഇവര്‍ക്ക് നേരിയ പനിയും തൊണ്ടവേദനയുമുണ്ട്. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശേധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. തൃശൂരില്‍ 27 പേരും, കൊല്ലത്ത് 3 പേരും നിരീക്ഷണത്തിലാണ്, തൃശൂരില്‍ 17 പുരുഷന്‍മാരും 10 സ്ത്രീകളുമാണ് നിരീക്ഷണത്തിലുള്ളത്.

രോഗിയുമായി അടുത്തിടപഴകിയവരുള്‍പ്പെടെ 86 പേരെ കൂടി നിരീക്ഷിക്കുന്നുണ്ട്. വരും ദിവസങ്ങളിലും ജാഗ്രത തുടരും. എന്നാല്‍, ഭയപ്പെടേണ്ട സാഹചര്യമില്ല. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ നിപയോട് സാദൃശ്യമുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് മണിപ്പാലിലേക്കും അവിടെ നിന്ന് പൂനെയിലേക്കും അയച്ചത്. പനി ബാധിച്ച യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എല്ലാ സൗകര്യങ്ങളും ആശുപത്രി അധികൃതര്‍ അവിടെ ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ല.

നിപ വൈറസ് സംശയത്തെ തുടര്‍ന്ന് പറവൂര്‍ സ്വദേശിയായ യുവാവിനെയാണ് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.

ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ഐസലേഷന്‍ വാര്‍ഡ് തുറന്നു, കണ്‍ട്രോള്‍ റൂം നമ്പറുകള്‍: തൃശൂര്‍: 0487 2320466,2325329, ഡല്‍ഹി:011 23978046, കോട്ടയം: 0481- 2304110, ആലപ്പുഴ: 0477- 2238630, തിരുവനന്തപുരം: 0474 2552056…

Top