മലപ്പുറം: കെ. ബാബു രാജിവച്ചതിനു താനെന്തിനാണു നവകേരള മാര്‍ച്ചില്‍നിന്നു പിന്‍മാറേണ്ടതെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. രാജിയില്‍നിന്നു ജനശ്രദ്ധ തിരിച്ചുവിടാനുള്ള ബാബുവിന്റെ ഗൂഢാലോചനയാണു ശിവന്‍കുട്ടിയെയും കോടിയേരി ബാലകൃഷ്ണനെയും ബാര്‍ കോഴയുമായി ബന്ധിപ്പിക്കുന്ന തരത്തിലുള്ള ആരോപണങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണമെന്നും മന്ത്രി രമേശ് ചെന്നിത്തല വിജിലന്‍സ് വകുപ്പ് ഒഴിയണമെന്നും പിണറായി വിജയന്‍ പറഞ്ഞു. ബാര്‍ കോഴ വിഷയത്തില്‍ വിജിലന്‍സിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ചെന്നിത്തലയ്ക്ക് ഇനി ആ വകുപ്പില്‍ തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണ്.
ഉമ്മന്‍ ചാണ്ടിയുടെ വലംകയ്യാണു കെ. ബാബു. ബാബു അഴിമതി നടത്തിയത് ബാബുവിനുവേണ്ടി മാത്രമല്ല. ഉമ്മന്‍ ചാണ്ടിക്ക് ഒരുനിമിഷംപോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരെ പറയാന്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനു രാഷ്ട്രീയ മാന്യതയില്ലെന്നു എക്‌സൈസ്, ഫിഷറീസ് വകുപ്പു മുന്‍മന്ത്രി കെ.ബാബു പറഞ്ഞിരുന്നു. ധാര്‍മികതയുണ്ടെങ്കില്‍ നവകേരളയാത്രയില്‍നിന്ന് പിണറായി പിന്മാറണമെന്നും ബാബു ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായിട്ടാണ് പിണറായിയുടെ പ്രസ്താവന.