എല്ലാ സര്‍ക്കാര്‍ ആശുപത്രികളും ഹൈടെക്ക് ആയാല്‍ എങ്ങനെയുണ്ടാവും ? സ്വപ്നത്തില്‍ മാത്രം പല ഭരണാധികാരികളും ചിന്തിച്ച അക്കാര്യം ഇപ്പോള്‍ ശാശ്വതമാക്കാന്‍ ഒരുങ്ങുകയാണ് പിണറായി സര്‍ക്കാര്‍.
സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ കൊണ്ടു വരുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളും ഘട്ടം ഘട്ടമായി നവീകരിക്കും.
സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളജുകളിലും ക്യാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കാനും ആരോഗ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളെജുകള്‍ വരെ മികവിന്റെ കേന്ദ്രമായി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
285 കോടി രൂപ മുടക്കിലാണ് എറണാകുളത്ത് 8 നിലകളിലായി മാതൃ ശിശു സൂപ്പര്‍ സ്‌പെഷ്യാലിറ്റി സമുച്ചയം നിര്‍മ്മിക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ കഴുത്തറപ്പന്‍ ഫീസ് വാങ്ങി രോഗികളെ ചൂഷണം ചെയ്യുന്നത് തടയാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ നവീകരിക്കപ്പെടണം എന്നതാണ് സര്‍ക്കാര്‍ നിലപാട്.
സ്വകാര്യ ആശുപതിയിലേതിനേക്കാള്‍ മിടുക്കരായ നിരവധി ഡോക്ടര്‍മാര്‍ ഉണ്ടായിട്ടും അവരെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ആശുപത്രികള്‍ ഹൈടെക്ക് ആക്കുന്നത്.
രോഗികള്‍ക്ക് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ മികച്ച ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. നേരത്തെ, സംസ്ഥാനത്ത് അപകടങ്ങളില്‍ പെടുന്നവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യ ചികിത്സ നല്‍കാന്‍ പിണറായി സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന് വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്.
സര്‍ക്കാര്‍ ആശുപത്രികളെ കൂടാതെ സ്വകാര്യ ആശുപത്രികളില്‍ നിന്നും സൗജന്യ ചികിത്സ ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ പദ്ധതി.
റോഡപടകടങ്ങളില്‍ പെടുന്നവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി സംസ്ഥാനത്ത് സമഗ്ര ട്രോമ കെയര്‍ സംവിധാനം തന്നെ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍, ജില്ലാ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
അപകടത്തില്‍ പെട്ടവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ ആദ്യ 48 മണിക്കൂറിലെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിക്കുന്നതെങ്കില്‍ ഈ സമയ പരിധിക്കുള്ളിലെ ചെലവ് റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നും സര്‍ക്കാര്‍ നല്‍കും.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്‍ഷുറന്‍സ് കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തി ധാരണയില്‍ എത്തിയിരുന്നു.
റോഡ് സുരക്ഷാ ഫണ്ട്, സാമൂഹ്യസുരക്ഷാ ഉത്തരവാദിത്വ ഫണ്ട്, ബജറ്റ് വിഹിതം എന്നിവ ഉപയോഗിച്ചാണ് ട്രോമ കെയര്‍ പദ്ധതി നടപ്പാക്കുന്നത്.
പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രി സംവിധാനം, ആശുപത്രികള്‍ തെരഞ്ഞെടുക്കുന്നതിന് പ്രത്യേക സോഫ്‌റ്റ്വെയര്‍, കേന്ദ്രീകൃത കോള്‍ സെന്റര്‍ തുടങ്ങിയവയും പിണറായി സര്‍ക്കാരിന്റെ വിപ്ലവ പദ്ധതിയില്‍ ഉള്‍പ്പെടുന്നവയാണ്.