സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി : രാജിസന്നദ്ധത അറിയിച്ചതായി സൂചന

തിരുവനന്തപുരം: മകൻ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന പീഡന പരാതി പാര്‍ട്ടിയെ നാണം കെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാജി സന്നദ്ധത അറിയിച്ചതായി സൂചന. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി.

മകനെതിരായി ഉയര്‍ന്നിരിക്കുന്ന ലൈംഗിക വിവാദം വ്യക്തിപരമെങ്കിലും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാതിരിക്കാന്‍ താന്‍ മാറിനില്‍ക്കാമെന്നാണ് കോടിയേരി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മാറിനിന്നാല്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് മുഖ്യമന്ത്രിയും കേന്ദ്രനേതൃത്വവുമായി നടത്തിയ ആശയവിനിമയത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി ഒഴിയേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കി. കോടിയേരി ആരെയും രക്ഷിക്കാനോ ശിക്ഷിക്കാനോ ശ്രമിച്ചിട്ടില്ല. അദ്ദേഹം സ്ഥാനമൊഴിയുന്നത് പാർട്ടിയെ ദുര്‍ബലപ്പെടുത്തുമെന്നും നേതൃത്വം അറിയിച്ചു.

എകെജി സെന്ററില്‍ നടന്ന പിണറായി-കോടിയേരി കൂടിക്കാഴ്ച ഏറെ നിര്‍ണായകമാണ്. ഇന്ന് രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് ചേരാനിരിക്കെയാണ് ഈ കൂടിക്കാഴ്ച നടന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം, പിന്നാലെ പാര്‍ട്ടിയെ അടിമുടി പ്രതിസന്ധിയിലാക്കി ഉയര്‍ന്ന് വന്ന ബിനോയ് കോടിയേരിക്കെതിരായ പരാതി ,എം.വി ഗോവിന്ദന്റെ ഭാര്യയും ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണുമായ പി.കെ ശ്യാമള ആരോപണങ്ങള്‍ നേരിടുന്ന പ്രവാസി വ്യവസായിയുടെ ആത്മഹത്യ. സിപിഎം സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി യോഗങ്ങള്‍ ചേരുന്നത്.

Top