ന്യൂഡല്‍ഹി: പിണറായി വിജയന് സൂപ്പര്‍ താരപരിവേഷം നല്‍കിയേ അടങ്ങൂ എന്ന ‘വാശിയിലാണ് ‘ സംഘപരിവാര്‍ !
കേരളത്തില്‍ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് തടയാന്‍ മുഖ്യമന്ത്രി പിണറായിയെ കേരളത്തിന് പുറത്ത് തടഞ്ഞാല്‍ കഴിയുമെന്ന നിഗമനം കുന്ദന്‍ ചന്ദ്രാവത് വിവാദത്തില്‍ എത്തിച്ചിട്ടും സംഘപരിവാര്‍ നിലപാടില്‍ നിന്ന് പിന്‍മാറിയിട്ടില്ല.
പിണറായിയുടെ തലക്ക് ഒരു കോടി പ്രതിഫലം പ്രഖ്യാപിച്ച ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവതിനെ പുറത്താക്കി എന്ന ആര്‍എസ്എസ് നേതൃത്വത്തിന്റെ പ്രഖ്യാപനം തന്നെ ‘നാടകമായിരുന്നു’ വെന്ന ആരോപണവും ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു.
19ന് ഹൈദരാബാദില്‍ നടക്കുന്ന സിപിഎം റാലിയാല്‍ പിണറായി പങ്കെടുക്കുന്നത് തടയുമെന്ന ബിജെപി എം എല്‍ എ രാജാസിങ്ങിന്റെ പ്രഖ്യാപനമാണ് ഇത്തരമൊരു സംശയത്തിന് വഴിമരുന്നിട്ടിരിക്കുന്നത്.
ദേശീയ മാധ്യമങ്ങളിലടക്കം വിവാദമായതിനാലാണ് കുന്ദന്‍ ചന്ദ്രാവതിനെ പുറത്താക്കിയതെന്നും പിണറായിക്കെതിരായ പ്രതിഷേധം തുടരുക തന്നെ ചെയ്യുമെന്നുമാണ് സംഘപരിവാര്‍ നേതൃത്വങ്ങളെ ഉദ്ധരിച്ച് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
മധ്യപ്രദേശിലെ ഭോപ്പാലില്‍ തുടങ്ങി മംഗളൂരുവില്‍ വരെ എത്തിയ ആര്‍എസ്എസ്- ബിജെപി പ്രതിഷേധമാണ് ഇപ്പോള്‍ ഹൈദരാബാദിലേക്കും കടന്നിരിക്കുന്നത്.
സിപിഎമ്മിന്റെ കര്‍ഷക റാലിയില്‍ പങ്കെടുക്കുന്നതിനു വേണ്ടി എത്തുന്ന പിണറായിയെ ഹൈദരാബാദില്‍ കാലുകുത്താന്‍ അനുവദിക്കില്ലന്നാണ് പ്രഖ്യാപനം
സിപിഎമ്മിന് സംഘടനാപരമായി ശക്തമായ സ്വാധീനവും സ്വന്തം ചാനലുമൊക്കെയുള്ള സംസ്ഥാനമായതിനാല്‍ പിണറായിക്കെതിരായ പ്രതിഷേധം നേരിടാന്‍ സിപിഎം പ്രവര്‍ത്തകര്‍ കൂടി രംഗത്തിറങ്ങുന്നതോടെ വലിയ സംഘര്‍ഷ സാധ്യതയിലേക്ക് കാര്യങ്ങള്‍ നീങ്ങുമോ എന്ന ആശങ്ക ഇപ്പോള്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞു. രണ്ടു ലക്ഷം പേരാണ് റാലിയില്‍ പങ്കെടുക്കാന്‍ എത്തുന്നത്.
ഭീഷണിക്ക് വഴങ്ങി പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്‍മാറില്ലന്ന നിലപാടിലാണ് പിണറായി.
കമാന്‍ണ്ടോകളെയടക്കം കേരളത്തില്‍ പിണറായിയുടെ സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളതിനാല്‍ ഇവരുടെ സംരക്ഷണയിലാകും ഹൈദരാബാദില്‍ പിണറായി ഇറങ്ങുക. തെലുങ്കാന സംസ്ഥാന സര്‍ക്കാറും കമാന്‍ണ്ടോ സുരക്ഷ ഏര്‍പ്പെടുത്തും.
ആര്‍ എസ് എസിന്റെയും ബിജെപിയുടെയും കണ്ണിലെ കരടായ ഡല്‍ഹി, ബീഹാര്‍, ബംഗാള്‍ മുഖ്യമന്ത്രിമാരോട് പോലും കാണിക്കാത്ത വിലക്ക് കേരള മുഖ്യമന്ത്രിയോട് സംഘ പരിവാര്‍ കാണിക്കുന്നത് ദേശീയ രാഷ്ട്രീയത്തില്‍ ഇതിനകം തന്നെ വലിയ ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഇത് വലിയ രൂപത്തില്‍ സിപിഎമ്മിന് നേട്ടമാകുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ബിജെപി എം എല്‍ എ യുടെ പ്രഖ്യാപനത്തോടെ ഹൈദരാബാദ് യോഗവും ദേശീയ ശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞു. സിപിഎം റാലി റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രമുഖ ദേശീയ മാധ്യമങ്ങള്‍ വലിയ ടീമിനെ തന്നെയാണ് ഹൈദരാബാദിലേക്ക് അയക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്.
മംഗളൂരുവിന് സമാനമായ സുരക്ഷ ഹൈദരാബാദില്‍ പിണറായിക്ക് നല്‍കാനാണ് തെലുങ്കാന പൊലീസിന്റെ തീരുമാനം.ഇതിനായി ഉന്നതതല യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുന്നുണ്ട്.
പിണറായിക്കെതിരെ ആഞ്ഞടിച്ച് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ തന്നെ രംഗത്തുവന്നതിനാല്‍ ഹൈദരാബാദിലെ പ്രതിഷേധം കടുപ്പമാകാനാണ് സാധ്യത.
പിണറായി മുഖ്യമന്ത്രി ആയതോടെ കണ്ണൂര്‍ ജില്ലയിലെ കൊലപാതകം പുറത്തേക്ക് വ്യാപിക്കുകയാണെന്നാണ് ‘ഓര്‍ഗനൈസര്‍’ മുഖപ്രസംഗത്തില്‍ ചൂണ്ടി കാണിക്കുന്നത്. കുറ്റവാളികളെ സംരക്ഷിക്കുന്നതിന് പാര്‍ട്ടിക്കാരാണെന്നത് മാത്രമാണ് ന്യായീകരണമെന്നും മുഖപ്രസംഗം പറയുന്നു.