തിരുവനന്തപുരം: വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ കോണ്‍ഗ്രസ് നടത്തിയിരുന്ന നിരാഹാരം അവസാനിപ്പിച്ചു. വയനാട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം സിബിഐക്ക് വിട്ടതോടെയാണ് ഇക്കാര്യം ആവശ്യപ്പെട്ട് നടത്തിവന്ന നിരാഹാര സമരം ആറാം ദിനം അവസാനിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍, കെഎസ്യു അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ എന്നിവരാണ് നിരാഹരമനുഷ്ടിച്ചത്.
സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട് വായിച്ചു. എങ്ങനെയാണ് മനുഷ്യര്‍ക്ക് ഇങ്ങനെ ചെയ്യാനാവുകയെന്നാണ് തോന്നിയത്. കേരളത്തില്‍ ഇനിയൊരു സിദ്ധാര്‍ത്ഥന്‍ ഉണ്ടാവില്ലെന്ന് വീണയുടെയും വിവേകിന്റെയും പിതാവായ പിണറായി വിജയന്‍ ഉറപ്പ് നല്‍കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സമരം വിജയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ജയപ്രകാശ് ഇന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നു. പിന്നാലെ സമരത്തിലിരിക്കുന്ന നേതാക്കളുമായി ഫോണില്‍ സംസാരിച്ച് നിരാഹാരം അവസാനിപ്പിക്കണമെന്ന് അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഇപ്പോള്‍ തനിക്ക് സമരപന്തലില്‍ പോയി തനിക്ക് ആശ്വസിപ്പിക്കാന്‍ കഴിയില്ല. ഒരു പാര്‍ട്ടി ഒഴിച്ച് ബാക്കി എല്ലാ പാര്‍ട്ടികളും പിന്തുണ നല്‍കി. യൂത്ത് കോണ്‍ഗ്രസും കെഎസ്യുമൊക്കെ നിരാഹാരം കിടന്നത് ഇപ്പോള്‍ ആണ് അറിഞ്ഞത്. മകന്റെ മരണത്തില്‍ 41 കഴിഞ്ഞതിനുശേഷം അവരെ പോയി കാണണമെന്ന് ആഗ്രഹമുണ്ട്. അവരുടെ ആരോഗ്യസ്ഥിതി മോശമായി എന്നറിയുന്നു. അവരോടുള്ള ഏക അപേക്ഷ നിരാഹാരം അവസാനിപ്പിക്കണമെന്നാണ്. സിബിഐ അന്വേഷണം നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പു പറഞ്ഞിട്ടുണ്ട് എന്നായിരുന്നു ജയപ്രകാശിന്റെ പ്രതികരണം.