‘സംഘപരിവാര്‍ വാഴ്ചയില്‍ രാജ്യത്ത് ഭീകരാവസ്ഥ’; രാജ്യം ഒറ്റക്കെട്ടായി ഉണരണമെന്ന് മുഖ്യമന്ത്രി

pinaray

തിരുവനന്തപുരം: കത്തുവയില്‍ എട്ടുവയസ്സുകാരിയെ പിച്ചിച്ചീന്തിയവര്‍ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയെ പ്രാകൃതവും മനുഷ്യത്വഹീനവുമായ യുഗത്തിലേക്കു നയിക്കാനുള്ള പ്രതിലോമ രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതു മനുഷ്യനെയും രോഷപ്പെടുത്തുന്നതും കണ്ണീരണിയിക്കുന്നതുമായ അനുഭവമാണ് ആ പിഞ്ചോമനയ്ക്കു നേരിടേണ്ടിവന്നതെന്നും പിണറായി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി എന്നത് മാത്രമല്ല വിഷയം. അതിലേക്ക് നയിച്ച കാരണങ്ങളാണ് പ്രധാനം. മതത്തിന്റെ പേരിലാണ് ഒരു പിഞ്ചുകുഞ്ഞിനെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത് എന്നത് സംഘപരിവാര്‍ വാഴ്ചയിലെ രാജ്യത്തിന്റെ ഭീകരമായ അവസ്ഥ തുറന്നു കാട്ടുന്നതാണ്. ക്ഷേത്രങ്ങളെപ്പോലും ഇത്തരം പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കുന്നവരും അതിനെ പിന്തുണയ്ക്കുന്ന സംഘപരിവാര്‍ ശക്തികളും ഇന്ത്യയെ മൃഗീയതയുടെ കറുത്ത നാളുകളിലേക്കാണ് പിടിച്ചുകൊണ്ടുപോകുന്നത്. കപട മത സ്‌നേഹവും കപട ദേശീയതയുമാണ് സംഘ പരിവാറിനെ നയിക്കുന്നത്’-പോസ്റ്റില്‍ പറയുന്നു.

പുഞ്ചിരിക്കുന്ന ആ മുഖം മനസ്സിലോര്‍ത്ത്, ആസിഫയ്ക്ക് വേണ്ടി രാജ്യം ഒറ്റക്കെട്ടായി ഉണരേണ്ടതുണ്ട്. കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരെയും നിയമത്തിനു മുന്നിലെത്തിക്കണമെന്നും പിണറായി പറഞ്ഞു.

Top