തിരുവനന്തപുരം: മൂന്നാറിലെ നീലക്കുറിഞ്ഞി ദേശീയോദ്യാനത്തന്റെ വിസ്തൃതിയില്‍ കുറവ് വരുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യാനം പൂര്‍ണമായും സംരക്ഷിക്കും. പരിസ്ഥിതിപ്രേമം പറഞ്ഞ് ചിലര്‍ ഇതിന് പാരവെക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അതിന് വേണ്ടി മെനക്കെടേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉദ്യാനം സംബന്ധിച്ച ആശങ്കകള്‍ വെറും ഭാവനാസൃഷ്ടി മാത്രമാണ്. കേന്ദ്രസര്‍ക്കാരുമായോ ഏതെങ്കിലും വകുപ്പുമായോ വൈരുദ്ധ്യത്തിന്‍െ പ്രശ്‌നമില്ലെന്നും പിണറായി പറഞ്ഞു.
നേരത്തെ ഉദ്യാനത്തിന്റെ വിസ്തൃതി കുറക്കേണ്ടെന്ന് മന്ത്രിസഭായോഗത്തില്‍ തീരുമാനമായിരുന്നു. ജനവാസമേഖലയെ ഒഴിവാക്കാനും തീരുമാനമായിരുന്നു.
ഈ മേഖലയിലുള്ള യൂക്കാലി, കാറ്റാടി മരങ്ങള്‍ മുറിച്ചുമാറ്റും. ഇനി ഇവ നട്ടുപിടിപ്പിക്കാന്‍ പാടില്ല. മുന്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്റെ റിപ്പോര്‍ട്ടിലാണ് മന്ത്രിസഭായോഗം മാറ്റങ്ങള്‍ വരുത്തിയത്.
നീലക്കുറിഞ്ഞിയുടെ സംരക്ഷണത്തിനായി കേരളത്തില്‍ ആദ്യമായി പ്രഖ്യാപിക്കുന്ന സംരക്ഷിത മേഖലയാണ് ഉദ്യാനം. നീലക്കുറിഞ്ഞി വ്യാപകമായി പൂക്കുന്ന 3200 ഹെക്ടര്‍ പ്രദേശം ഉള്‍പ്പെടുത്തി 2006ലാണ് ഉദ്യാനം പ്രഖ്യാപിക്കുന്നത്.