തിരുവനന്തപുരം: റെയില്‍വേ കോച്ച് ഫാക്ടറി കഞ്ചിക്കോടു തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് കത്തയച്ചു. അലൂമിനിയം കോച്ചുകള്‍ നിര്‍മ്മിക്കുന്നതിന് ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ ഭാഗമായി റെയില്‍വേ നിര്‍മ്മിക്കുന്ന പുതിയ ഫാക്ടറി കഞ്ചിക്കോട് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
കഞ്ചിക്കോട് ഫാക്ടറി സ്ഥാപിക്കാനുള്ള തീരുമാനം 2008-2009 റെയില്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചതാണെന്നും ഇതേ വര്‍ഷം പ്രഖ്യാപിച്ച ഉത്തര്‍പ്രദേശിലെ റായ്ബറേലി കോച്ച് ഫാക്ടറി പണി പൂര്‍ത്തിയാക്കി 2012ല്‍ കമ്മീഷന്‍ ചെയ്തതായും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു.
പാലക്കാട്ടെ നിര്‍ദിഷ്ട റെയില്‍വേ കോച്ച് ഫാക്ടറി ഉപേക്ഷിക്കുന്നതായി കേന്ദ്ര റെയില്‍വേ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇപ്പോഴത്തെ ആവശ്യത്തിനും സമീപ ഭാവിയിലെ ആവശ്യത്തിനും വേണ്ട കോച്ചുകള്‍ നിര്‍മ്മിക്കുവാനുള്ള ശേഷി ഇപ്പോള്‍ തന്നെ റെയില്‍വേയ്ക്ക് ഉണ്ടെന്നാണു വിശദീകരിക്കുന്നത്.