കണ്ണൂര്‍: ധര്‍മടത്ത് പിണറായി വിജയന്റെ പോസ്റ്ററുകള്‍ കത്തിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനെ ധര്‍മടം പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. പ്രദേശത്തെ വീടുകളിലെത്തിയ പൊലീസ് സ്ത്രീകളെ മര്‍ദിച്ചതായും പരാതിയുയര്‍ന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ ബിജെപി പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിച്ചു. കേന്ദ്രസേന അടക്കം കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തെത്തിയതോടയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
സംഭവത്തിനു പിന്നില്‍ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പിണറായി വിജയന്‍ ആരോപിച്ചിരുന്നു. മോദിയുടെ ആഹ്വാനം അണികള്‍ നടപ്പാക്കുകയാണെന്നായിരുന്നു പിണറായി പറഞ്ഞത്.
പാണ്ട്യാലമുക്കിലെ പുത്തന്‍കണ്ടത്താണ് പിണറായി വിജയന്റെ ജീവചരിത്രം ആലോഖനം ചെയ്ത 300 അടി നീളമുള്ള ഫ്‌ളെക്‌സ് സ്ഥാപിച്ചിരുന്നത്. ഈ ഫ്‌ളെക്‌സ് കീറി തീയിട്ട നിലയിലായിരുന്നു. സമീപത്ത് ഒട്ടിച്ചിരുന്ന പോസ്റ്ററുകളും തീയിട്ടു നശിപ്പിച്ചിരുന്നു.