കോവിഡ് വ്യാപനം; ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയപ്പോള്‍ രോഗവ്യാപനം കൂടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹചര്യം മുന്‍കൂട്ടി കണ്ടു ചികിത്സാ സൗകര്യം ശക്തമാക്കിയിട്ടുണ്ട്. വാക്‌സിനേഷന്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. സാമൂഹിക പ്രതിരോധശേഷി അധികം വൈകാതെ കൈവരിക്കുമെന്നു പ്രതീക്ഷിക്കാം. ജനസംഖ്യാനുപാതികമായി വാക്‌സീന്‍ ഏറ്റവും വേഗത്തില്‍ നല്‍കുന്ന സംസ്ഥാനമാണു കേരളം. ഒരു ദിവസം അഞ്ചു ലക്ഷം വാക്‌സീന്‍ വരെ വിതരണം ചെയ്യാന്‍ സാധിച്ചു.

മരണ നിരക്ക് പിടിച്ചു നിര്‍ത്തി. മരണമടയുന്നവരില്‍ ഭൂരിഭാഗവും പ്രായാധിക്യമുള്ളവരും അനുബന്ധ രോഗമുള്ളവരുമാണ്. വാക്‌സീന്‍ ആദ്യ ഘട്ടത്തില്‍ ഇവര്‍ക്കു നല്‍കി. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണു സംസ്ഥാനം തുടക്കം മുതല്‍ പ്രവര്‍ത്തിച്ചത്. അതു പ്രശംസിക്കപ്പെടുകയും ചെയ്തു. മൂന്നാം തരംഗത്തിന്റെ സാധ്യതകള്‍ നിലനില്‍ക്കെ കൂടുതല്‍ ജാഗ്രതയോടെ മുന്‍പോട്ടു പോയേ മതിയാകൂ. നിയമസഭയും ഓണാവധിയും ആയതിനാലാണു വാര്‍ത്താ സമ്മേളനത്തിന് ഇടവേള വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Top