തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്തു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇടുക്കിയില്‍ നാലുപേര്‍ക്കും കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കും തിരുവനന്തപുരത്തും കൊല്ലത്തും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച പത്തുപേരില്‍ നാലുപേര്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്നു വന്നവരാണ്. രണ്ടുപേര്‍ വിദേശത്തുനിന്നും വന്നവരാണ്. സമ്പര്‍ക്കം മൂലമാണ് നാലുപേര്‍ക്ക് രോഗബാധയുണ്ടായത്.
ഇന്ന് എട്ടുപേര്‍ക്കാണ് രോഗമുക്തരായത്. കാസര്‍കോട് ആറുപേര്‍ക്കും മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് പരിശോധനാഫലം നെഗറ്റീവായത്.
സംസ്ഥാനത്ത് ആകെ 447 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 129 പേര്‍ ചികിത്സയിലാണുള്ളത്. ആകെ നിരീക്ഷണത്തിലുള്ളത് 23,876 പേരാണ്. ഇതില്‍ 23,439 പേര്‍ വീടുകളിലും 437 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.
ഇന്നുമാത്രം 148 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 21,334 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 20,326 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.